ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് രാജിവച്ചു

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് രാജിവച്ചു. ജനസേവനത്തിന് ഇറങ്ങാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അന്‍ഖി രാജി വച്ചതെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് ഇന്ത്യയുടെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അന്‍ഖിയെന്നും കമ്പനിയുടെ 9 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് പ്രധാന്യമേറിയ ഒരു റോള്‍ അന്‍ഖി വഹിച്ചിരുന്നുവെന്നും അജിത്.

അന്‍ഖി ദാസിനെതിരെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയയായ ശേഷമാണ് അന്‍ഖി ദാസിന്റെ രാജി.

ബിജെപിയെ പിന്തുണച്ച് ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പിലും ഇവര്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി ആരോപണമുണ്ട്. ആരോപണം ഉയര്‍ന്ന് രണ്ടര മാസത്തിന് ശേഷമാണ് അന്‍ഖിയുടെ രാജി. രാജ്യത്തെ 300 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ എങ്ങനെയാണ് രാഷ്ട്രീയപരമായ വിവരങ്ങളുടെ നിയന്ത്രണം എന്ന ചോദ്യമാണ് അന്‍ഖിയോട് ഫേസ്ബുക്ക് ജീവനക്കാരില്‍ നിന്നും, ഇന്ത്യന്‍ പൊതുരംഗത്ത് നിന്നും ഉയര്‍ന്നത്.

 

Exit mobile version