സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാര്‍ത്ഥ്യമായി; എല്ലാ പിഎസ്സി നിയമനങ്ങള്‍ക്കും സംവരണം ബാധകം

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തി ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റു സംവരണങ്ങളില്‍ ഉള്‍പ്പെടാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്കു സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനമാണ് സംവരണം. വിജ്ഞാപനമിറങ്ങിയതോടെ ഇനിമുതലുള്ള എല്ലാ പിഎസ്സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നില്ല. അതേസമയം മുന്നാക്ക സംവരണംപൊതുവിഭാഗത്തില്‍ നിന്നായതിനാല്‍ മറ്റു സംവരണ വിഭാഗങ്ങളിലെ നിയമനത്തെ ഇതു ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഇനി കെഎസ്എസ്ആര്‍ ഭേദഗതി ചെയ്യും. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറില്‍ ഭേദഗതി വരുത്തുക. 2019 ജനുവരിയില്‍ കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Exit mobile version