വാളയാറിലെ വിധിക്ക് ഒരു വര്‍ഷം; പെണ്‍കുട്ടികളുടെ മരണത്തില്‍ നീതി തേടി അമ്മ; ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന സത്യാഗ്രഹം ഇന്ന്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ നീതി തേടി അമ്മ നടത്തുന്ന ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന സത്യാഗ്രഹം ഇന്ന് തുടങ്ങും. വാളയാര്‍ അട്ടപ്പള്ളത്തെ വീടിന് മുന്‍പില്‍ സമരപന്തലിലായിരിക്കും സമരം നടക്കുക. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് രാവിലെ 10 മണി മുതല്‍ സമരം ആരംഭിക്കും.

വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഒരുവര്‍ഷം പിന്നിടുന്നു. ഇപ്പോഴും നീതി തേടി ഒറ്റയ്ക്കും കൂട്ടായും സമരത്തിലാണ് കുട്ടികളുടെ മാതാപിതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ പ്രതികളായ കേസില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15 നും 25 നുമായാണ് പാലക്കാട് പോക്‌സോ കോടതി നാലു പേരെ വെറുതെവിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന രൂക്ഷ വിമര്‍ശനത്തില്‍ നാടൊന്നാകെ വലിയപ്രതിഷേധത്തിലായ നാളുകള്‍.

നേരത്തെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ തന്നെ കൊണ്ട് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. വീണ്ടും മൊഴിയെടുക്കാനെത്തിയ പൊലീസുകാര്‍ തന്റെ മൊഴി തെറ്റായി രേപ്പെടുത്തിയെന്നും പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

നവംബര്‍ ഒന്‍പതിന് കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കും. കേസുമായി ബന്ധമുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് അമ്മ ഇപ്പോള്‍ ആരോപിക്കുന്ന പ്രധാനവിഷയം. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം എന്ന സംഘടന നിയമസഹായത്തിനുണ്ട്. 13 വയസുകാരിയെ ജനുവരി 13നും ഒന്‍പതുകാരിയായ ഇളയ സഹോദരിയെ മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ചതായി കണ്ടത്. പീഡനത്തിനിരയായ കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു കുറ്റപത്രം.

Exit mobile version