അമിതവേഗത: ബസ് ബൈക്കിലും മറ്റൊരു സ്‌ക്കൂട്ടറിലും തട്ടി; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദനം

കോട്ടയം കുറുപ്പന്തറയില്‍ ബസിന്റെ അമിതവേഗത ചോദ്യം ചെയ്ത യുവാക്കള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദനം. കോട്ടയം എറണാകളം റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസിലെ ജീവനക്കാരാണ് നടുറോഡില്‍ യുവാക്കളെ മര്‍ദിച്ചത്. പുതുപ്പള്ളി സ്വദേശികളായ ബിബിന്‍ വര്‍ഗീസ്, എബ്രഹാം എന്നിവര്‍ക്ക് നേരെയായിരുന്നു ക്രൂരമായ ആക്രമണം. എറണാകുളത്ത് നിന്ന് വരുന്നതിനിടെ ആവേ മരിയ ബസ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഉരസി. ബസ് അമിത വേഗതയിലായിരുന്നുവെന്നും യുവാക്കള്‍ ആരോപിക്കുന്നു. ഇതോടെ യുവാക്കള്‍ ബസ് ഡ്രൈവറെ ചോദ്യം ചെയ്തു.

ഇതിന് പിന്നാലെ ബസ് ഇതേ ബൈക്കിലും മറ്റൊരു സ്‌ക്കൂട്ടറിലും തട്ടി. തലനാരിഴയ്ക്കാണ് ഇരു വാഹനത്തിലും ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതോടെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ യുവാക്കളെ മര്‍ദിച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ജീവനക്കാരെ പിടിച്ചുമാറ്റി യുവാക്കളെ രക്ഷിച്ചത്.

ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ ഇരുവരുടേയും തലയ്ക്ക് പരുക്കുണ്ട്. ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ബസിന് മുന്നില്‍ ബൈക്കുമായി യുവാക്കള്‍ പലതവണ തടസം സൃഷ്ടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version