തനിക്ക് ദുരുദ്ദേശമെന്ന ആരോപണം വസ്തുതാ വിരുദ്ധം; കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവിനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു: ഡോ. നജ്മ സലീം

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി ജൂനിയര്‍ ഡോ. നജ്മ സലീം. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. പൂര്‍ണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും നജ്മ സലീം പറഞ്ഞു.

മീഡിയയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിന് മുന്‍പ് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി ആര്‍എംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ ആയി അയച്ചിരുന്നു. അതില്‍ കാര്യങ്ങള്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. എന്നാല്‍ അതിന് ശേഷം ആര്‍എംഒയോ സൂപ്രണ്ടോ അതേപ്പറ്റി തന്നോട് ചോദിച്ചില്ല. ഇതിന്റെ പേരില്‍ എന്തെങ്കിലും നടപടി ഉണ്ടായാല്‍ അതിനെ ഭയക്കുന്നില്ലെന്നും നജ്മ സലീം വ്യക്തമാക്കി.

തനിക്ക് ദുരുദ്ദേശമെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും രാഷ്ട്രീയ നേട്ടത്തിനായുള്ള ആരോപണങ്ങളെന്ന വാദവും നജ്മ നിഷേധിച്ചു. താന്‍ ഇതുവരെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഒരു പാര്‍ട്ടിയിലും അംഗത്വമോ പ്രത്യേക താല്‍പര്യമോ ഇല്ലെന്നും നജ്മ വ്യക്തമാക്കി. തന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് പുറം ലോകത്തെ അറിയിച്ചതെന്നും അതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും നജ്മ പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഡോ. നജ്മ സലീം വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിവാദമായിരുന്നു. ആശുപത്രിയില്‍ മുന്‍പും അനാസ്ഥകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ട് നടപടിയുണ്ടായില്ലെന്നും നജ്മ മാധ്യമങ്ങളോട് പറഞ്ഞു. ഓഡിയോ സന്ദേശം പുറത്തുവന്നതിന്റെ പേരില്‍ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത നടപടി ശരിയായില്ലെന്നും നജ്മ പറഞ്ഞിരുന്നു.

 

Exit mobile version