ലൈഫ് മിഷന്‍ കേസില്‍ സിബിഐയ്ക്ക് തിരിച്ചടി; കേസില്‍ വേഗം വാദം കേള്‍ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, സര്‍ക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ വിശദമായ വാദത്തിന് ഇന്ന് സിബിഐ അറിയിച്ചു. അതേസമയം, സിബിഐ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സമയം വേണം. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ഈ കേസില്‍ ഹാജരാകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പട്ടുള്ള നടപടി ക്രമങ്ങള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നും അതിനാല്‍ ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നതിന് തങ്ങള്‍ തയാറല്ലെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

എന്നാല്‍, എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ തയാറല്ലായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങെനാരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതി സബിബിഐയോട് ആരാഞ്ഞത്. എന്നാല്‍, ഡിപ്പാര്‍ട്ട്മെന്റ് കാര്യങ്ങള്‍ക്ക് തടസമുണ്ടെന്നാണ് സിബിഐ മറുപടി നല്‍കിയത്.

കേസില്‍ സാങ്കേതികമായ തിരിച്ചടിയാണ് സിബിഐക്ക് കോടതിയില്‍ നിന്ന് ഉണ്ടായത്. അന്വേഷണത്തിനുള്ള സ്റ്റേയും നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചില്ല. അതേസമയം എതിര്‍ സത്യവങ്മൂലം നല്‍കി പുതിയ ഹര്‍ജി നല്‍കാം. അതിനു ശേഷം കേസ് എപ്പോള്‍ പരിഗണിക്കണം എന്ന് തീരുമാനിക്കാം എന്നും കോടതി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതി വാദം കേട്ടത്.

സംസ്ഥാന സര്‍ക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാതെ അടിയന്തര ഹിയറിംങ് ആവശ്യപ്പെട്ടത് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് നില്‍ക്കാനും അതോടൊപ്പം സര്‍ക്കാറിനെ താറടിക്കാനാണെന്നും സംസ്ഥന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. വിശ്വനാഥന്‍ കോടതിയെ അറിയിച്ചു.

മാത്രമല്ല, തന്റെ ബിസിനസ് തകര്‍ന്നെന്നും കേസില്‍ രാഷ്ട്രീയകളിയാണുള്ളതെന്നും സന്തോഷ് ഈപ്പന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദങ്ങളെല്ലാം കേട്ടതിന് ശേഷമാണ് സിബിഐയുടെ വാദം കണക്കിലെടുത്ത് സാങ്കേതികമായ അര്‍ത്ഥത്തില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയത്.

 

Exit mobile version