സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും ശിവശങ്കറെ കണ്ടെന്ന സ്വപ്നയുടെ മൊഴിക്ക് മറുപടിയില്ല. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ആയി മുഖ്യമന്ത്രി ശിവശങ്കറെ ചുമതലപ്പടുത്തിയെന്ന സ്വപ്നയുടെ മൊഴി ശരിവച്ചു. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്ത്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന എം.ശിവശങ്കറിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ശിവശങ്കര്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.
ഓര്‍ത്തോ ഐ.സി.യുവിലുള്ള ശിവശങ്കറിനെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ കടുത്ത പുറംവേദനയുണ്ടെന്ന് ശിവശങ്കര്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് എം.ആര്‍.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ്.
ചോദ്യം ചെയ്യലും തുടര്‍ന്നുണ്ടായേക്കാവുന്ന അറസ്റ്റും ഒഴിവാക്കാനുള്ള നീക്കമാണ് ശിവശങ്കറിന്റെ ആശുപത്രി വാസമെന്ന സംശയം കസ്റ്റംസിനും മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് നിയമവഴികള്‍ തേടുന്നതും പരിഗണനയിലാണ്.
ഐ.സി.യുവില്‍ തന്നെ തുടര്‍ന്നാല്‍ സാങ്കേതിക അറസ്റ്റ് പോലും ചെയ്യാനാവില്ല. നാളതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ശിവശങ്കറിന് അവസരവും ലഭിക്കും. ഇ.ഡിയുടെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനൊപ്പം നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും പരിഗണിച്ചാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് വിലയിരുത്തുന്നു. അതിനാല്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സാധ്യതയാണ് കസ്റ്റംസ് തേടുന്നത്.
