മുന്‍കൂര്‍ ജാമ്യം തേടാനൊരുങ്ങി എം ശിവശങ്കര്‍; നാളെ ഹൈക്കോടതിയെ സമീപിക്കും; മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.

അതേസമയം, ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കസ്റ്റംസ് കൂടുതല്‍ വിശദാംശങ്ങള്‍ തേടും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ, കസ്റ്റംസ് നിയോഗിക്കുന്ന പ്രത്യേക വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിച്ചേക്കും.

നിലവില്‍ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന പ്രാഥമിക വിലയിരുത്തലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കുള്ളത്. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. നിലവില്‍ ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടര്‍നടപടികളും.

മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

 

 

Exit mobile version