ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം, ആന്‍ജിയോഗ്രാമില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍; ആരോഗ്യനിലയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തുടര്‍നടപടികള്‍

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ ശിവശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കസ്റ്റംസ് സംഘം രാവിലെ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹാനത്തില്‍ കയറ്റി പുറപ്പെടുകയായിരുന്നു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.

കസ്റ്റംസിന് പുറമെ എന്‍.ഐ.എയും എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അദേഹത്തെ അന്വേഷണ ഏജന്‍സിയുടെ വാഹത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. ഇനി ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തുടര്‍നടപടി. അതിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നും ആശുപത്രിയിലെത്തി വിവരം തേടും.

 

Exit mobile version