എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തന്നെ, തീവ്രപരിചരണ വിഭാഗത്തില്‍ തുടരും

തിരുവനന്തപുരം:ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തുടരും. ഇന്ന് വീണ്ടും ഇ സി ജി പരിശോധിച്ച ശേഷം വേണമെങ്കില്‍ ആന്‍ജിയോഗ്രാമിന് ശിവശങ്കറെ വിധേയനാക്കും. നിലവില്‍ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ശിവശങ്കര്‍,

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റംസ് വാഹനത്തിലാണ് ചോദ്യം ചെയ്യലിന് പുറപ്പെട്ടത്. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Exit mobile version