കോട്ടയം: പുതുപ്പള്ളി കൊച്ചാലുമൂടിന് സമീപം കാറും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ചു 3 മരണം ;രണ്ട് കുട്ടികളുടെ നില ഗുരുതരം
രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ആണ്. മുണ്ടക്കയം കുന്നപ്പള്ളിൽ ജിൻസ്, ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ജലജ, മുരളി എന്നിവരാണ് മരിച്ചത് . ഇവരുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഈ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ പുതുപ്പള്ളി- വാകത്താനം റോഡിൽ ഇരവിനല്ലൂർ തൃക്കോതമംഗലം ജംഗ്ഷനിലായിരുന്നു അപകടം.
ചങ്ങനാശേരിയിൽ നിന്നം പുതുപ്പള്ളി വഴി ഏറ്റുമാനൂരിലേയ്ക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ഓൾട്ടോ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പുതുപ്പള്ളിയിൽ നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ കാർ നിയന്ത്രണം വിട്ട് ബസിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിന്റെ മുൻഭാഗം കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ നിന്നും തെന്നി പോയതിനെ തുടർന്നു കാർ ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നുവെന്നു അയൽവാസി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
അപകടത്തെ തുടർന്നു തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിൻസ് സുഹൃത്തിന്റെ കാറുമായി വീട് മാറുന്നതിന്റെ ആവശ്യത്തിനായാണ് പുതുപ്പള്ളി ഭാഗത്തേയ്ക്കു പോയത്.
ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ജിൻസിനൊപ്പമുണ്ടായിരുന്നവർ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നാണ് ജനറൽ ആശുപത്രിയിൽ എത്തിയവർ പറയുന്നത്.
