സുതാര്യമായ വിചാരണ നടക്കുന്നില്ല, ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല; നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അസാധാരണമായ നടപടിയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികള്‍ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്റെ ലക്ഷ്യം. കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

 

Exit mobile version