കോട്ടയം: ഏറ്റുമാനൂരിലെ ഏക കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിൽ. ഈ റോഡിലൂടെ സെന്ററിൽ എത്തുന്ന കോവിഡ് രോഗികളുടെ നടുവൊടിയുമെന്ന് ഏതാണ്ട് വ്യക്തമാണ്.
ഏറ്റുമാനൂർ മങ്കര കലുങ്കിൽ സ്ഥിതി ചെയ്യുന്ന കോവിഡ് സെന്ററിലേക്കുള്ള റോഡ് കനത്ത മഴയില്‍ തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതിദിനം നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. മിക്ക ദിവസങ്ങളിലും രോഗികളുമായി വരുന്ന ആംബുലന്‍സ് റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടാറുണ്ട്.
രണ്ടു കോളനികള്‍, നൂറോളം കുടുംബങ്ങള്‍ എന്നിവരുടെ ഏക ആശ്രയവും ഈ റോഡാണ്. താറുമാറായി കിടക്കുന്ന ഈ റോഡിലൂടെ കാൽനടയാത്ര പോലും സാധിക്കുന്നില്ല. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ ഇവിടേക്ക് വരാത്തത് പ്രദേശവാസികളെ ഏറെ ദുരിതത്തിലാഴ്ത്തി.
ശക്തമായ വെള്ളപ്പാച്ചില്‍ മൂലമാണ് റോഡ് തകരുന്നത്. ഈ സാഹചര്യത്തില്‍ മികച്ച രീതിയില്‍ റോഡ് നിര്‍മിച്ചാല്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുവെന്നും അവര്‍ പറഞ്ഞു.
