ലൈംഗിക പീഡനം: എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ബിനോയ് ജേക്കബിനും സ്വപ്ന സുരേഷിനുമെതിരെ സാക്ഷിമൊഴി

എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കി കള്ളക്കേസില്‍ കുരുക്കിയ സംഭവത്തില്‍ ബിനോയ് ജേക്കബിനും സ്വപ്ന സുരേഷിനുമെതിരെ സാക്ഷിമൊഴി. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിനെതിരായ പരാതിയില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്ന് പരാതിയില്‍ ഒപ്പിട്ട 18 സ്ത്രീകളില്‍ ഒരാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ച് പരാതി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്നാണ് മറ്റൊരാളുടെ മൊഴി. ഈ രണ്ടു സാക്ഷികളുടെയും രഹസ്യമൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.

എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പീഡന പരാതിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു കേസ്. എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് ചെയര്‍മാനായായിരുന്ന ബിനോയ് ജേക്കബും സ്വപ്ന സുരേഷുമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നത്. വ്യാജപരാതിക്കെതിരെ വലിയതുറ ജദലീസാണ് ആദ്യം കേസെടുത്തത്. ബിനോയിക്കെതിരെ ആദ്യം തെളിവുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിന്നീട് തെളിവുകളില്ലെന്ന് പറഞ്ഞ് കളംമാറി.

എയര്‍ഇന്ത്യാ ഉദ്യോഗസ്ഥന്‍ സിബു ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ശേഷം ജയിലെത്തി സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

Exit mobile version