ഇടതുപക്ഷമാണ് ശരിയെന്ന നിലപാടിലേക്ക് എത്തി, ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷമാണ് ശരിയെന്ന നിലപാടാണ് ജോസ് കെ മാണിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. തുടര്‍കാര്യങ്ങള്‍ എല്‍ഡിഎഫ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പാലാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഉപാധികളില്ലാതെയാകും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുക. എല്‍ഡിഎഫിനൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എന്‍സിപിയുടെ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്ന് പാലാ സീറ്റിനെ കുറിച്ചുള്ള ചോദ്യത്തോട് എന്‍സിപി നേതാവ് ടി പി പീതാംബരന്‍ പ്രതികരിച്ചു. അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പന്‍ യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ചെന്നിത്തലയെ കാപ്പന്‍ വിളിച്ചുവെന്ന ഹസ്സന്റെ പ്രസ്താവന ശരിയല്ലെന്നും ടി പി പീതാംബരന്‍ പറഞ്ഞു.

യുഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ച അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പനും പറഞ്ഞു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് വരുന്നത്. ജയിക്കാത്ത സീറ്റുകളില്‍ കേരള കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാനാവില്ലെന്നും പാലായെ കുറിച്ച് അദ്ദേഹം പറഞ്ഞു.

ജോസ് ചാടിക്കയറിയത് മുങ്ങാന്‍ പോകുന്ന ടൈറ്റാനിക്കിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു. ബാര്‍ കോഴ കേസ് അട്ടിമറിച്ചതിലെ പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

കോട്ടയത്തായിരുന്നു എല്‍ഡിഎഫിലേക്ക് ചേര്‍ന്നുകൊണ്ടുള്ള ജോസ് കെ.മാണിയുടെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു. എംപി സ്ഥാനം രാജി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Exit mobile version