കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; നടി ലക്ഷ്മി പ്രമോദിന് ജാമ്യം

കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ നടി ലക്ഷ്മി പ്രമോദിന് ജാമ്യം. ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയ്ക്കുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

കൊട്ടിയത്ത് റംസി ആത്മഹത്യചെയ്ത കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ ബന്ധു ലക്ഷ്മി പ്രമോദിന് തെളിവുകളുടെ അഭാവത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. തെളിവുകള്‍ ഇല്ലെങ്കിലും ശക്തമായ ജനരോക്ഷം നടിക്കെതിരെ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നടിക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകളുടെ അഭാവത്തില്‍ ജനരോക്ഷം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാന്‍ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം. ലക്ഷ്മി പ്രമോദിനൊപ്പം ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍ത്താവിന്റെ അമ്മ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. ഗര്‍ഭച്ഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി പറയുന്ന ശബ്ദ സന്ദേശം മരണത്തിനുശേഷം പുറത്തുവന്നിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ ബന്ധു നടി ലക്ഷ്മി പ്രമോദ് ആണെന്നാണ് ആരോപണം.

 

Exit mobile version