ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചത്: അഴിമതിയുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസാണെന്ന് ചെന്നിത്തല

സംസ്ഥാനത്ത് അഴിമതിയുടെ പ്രഭവ കേന്ദ്രം ക്ലിഫ് ഹൗസാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് വിവാദത്തിലടക്കം മുഖ്യമന്ത്രി പിന്നെയും പിന്നെയും കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും സ്വപ്നയും തമ്മില്‍ കണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു കഴിഞ്ഞു. ക്ലിഫ് ഹൗസില്‍ ഇടിവെട്ടി എല്ലാം നഷ്ടമായെന്ന് മുഖ്യമന്ത്രി പറഞ്ഞിന്റെ അര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്യാമറ ഇടിവെട്ടി പോയതല്ല നശിപ്പിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എന്‍ഫഴ്‌സ്‌മെന്റിനോട് വെളിപ്പെടുത്തി. കോണ്‍സുലേറ്റിലെ ജോലിക്കാലം മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും പറയുന്ന സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് പുറത്തുവന്നിരുന്നു.

ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ സിപിഎമ്മിന് കഴിയില്ല. അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനാകാത്തത് കൊണ്ടാണ് സിപിഎം പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്. ചര്‍ച്ചക്ക് പോയില്ലെങ്കില്‍ നാട്ടുകാര്‍ ഒന്നും അറിയില്ലെന്ന് കരുതരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം തുടങ്ങി. വെള്ളപ്പൊക്ക ദുരിതാശ്വത്തിലും കമ്മീഷന്‍ അടിച്ചൂവെന്നാണ് പുതിയ വാര്‍ത്ത. എന്തിനും ഏതിനും കമ്മീഷന്‍ ആണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രി കെടി ജലീല്‍ അടക്കം ആരും രക്ഷപ്പെടില്ലെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു

Exit mobile version