ശിവശങ്കറിനെ കസ്റ്റംസ് രണ്ടാം ദിനവും ചോദ്യം ചെയ്തു വിട്ടു, ഇനി ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ശനിയാഴ്ചത്തെ ചോദ്യംചെയ്യല്‍ കസ്റ്റംസ് രാത്രി വൈകി പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കി അദ്ദേഹത്തെ വിട്ടയച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശനിയാഴ്ച കസ്റ്റംസ് ശിവശങ്കറില്‍നിന്ന് ആരാഞ്ഞത്. യുഎഇയില്‍നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച കസ്റ്റംസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിരുന്നു. 11 മണിക്കൂറാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തത്. ശനിയാഴ്ചത്തെയും ചോദ്യംചെയ്യലും മണിക്കൂറുകള്‍ നീണ്ടു. അതിനുശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ പതിവുപോലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. പിന്നാലെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍നിന്ന് മടങ്ങി.

ശിവശങ്കറിന്റെ കാര്യത്തില്‍ നിര്‍ണായക നീക്കം ശനിയാഴ്ച കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിടെ കാക്കനാട് വനിതാ ജയിലിലെത്തി കസ്റ്റംസ് സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കുന്നതിനും രണ്ട് ദിവസത്തെ അവസാന അവസരമാണ് കസറ്റംസ് ശിവശങ്കറിന് നല്‍കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. വ്യക്തമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Exit mobile version