ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതം: ഒളിവിലെന്ന് സൂചന

യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്നുപേരും വീടുകളിലില്ലെന്ന് പൊലീസ്, ഒളിവിലെന്നാണ് നിഗമനം. ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയാണു ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ക്രിമിനലുകളല്ലെന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മര്‍ദിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കിയാല്‍ നാളെ നിയമം കൈയിലെടുക്കാന്‍ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

 

Exit mobile version