ഭൂമിയിടപാടു വിഷയത്തില്‍ പി.ടി. തോമസ് എം.എല്‍.എയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് സി.പി.എം. ഇടപ്പള്ളിയില്‍ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് അനധികൃതമായി കൈമാറിയ അന്‍പതു ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ പി.ടി. തോമസിനെ നിയമപരമായും, രാഷ്ട്രീയമായും ആക്രമിക്കാനാണ് സി.പി.എം നീക്കം.
നിരാശ്രയരായ കുടുംബത്തെ വഞ്ചിക്കാന്‍ കള്ളപ്പണയിടപാടിലൂടെ കൂട്ടുനിന്നുവെന്നാണ് ആക്ഷേപം. പി.ടി.തോമസ് എം.എല്‍.എ ഇടപെട്ട് കരാറുണ്ടാക്കി നടത്തിയ ഇടപാടില്‍ ഇത്രവലിയ തുക പണമായി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം. ആരോപിക്കുന്നത്. മുന്‍പ് ഒരു കോടി മൂന്നു ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ച സ്ഥലമുടമ എണ്‍പതു ലക്ഷമായി തുക കുറച്ചതിന് പിന്നിലും എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
പണമിടപാടില്‍ പി.ടി.തോമസിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകള്‍ക്കും ലഭിച്ച പരാതിയിലും തുടര്‍ നടപടിയുണ്ടാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
വീണുകിട്ടിയ അവസരം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടി തോമസിന്റെ ഉരുണ്ടുകളി സിപിഎം ആക്രമണത്തിന് ശക്തിപകരുകയും ചെയ്യുന്നു. അതേസമയം സ്വന്തം എം.എല്‍.എയ്‌ക്കെതിരെ ആരോപണമുയര്‍ന്നിട്ടും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധം ഉണ്ടായിട്ടുമില്ല.
