കോട്ടയം പേരൂർ സ്വദേശിനി ട്വിങ്കിൾ മരിയ ജയ്സൺ ഒരു ദിവസത്തേക്ക് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്ക്; പദവി വഹിക്കുന്നത് കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറമി പിൽമോർ ബെഡ്ഫോർഡിന്റെ; നിയമനം അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച്

കോട്ടയം: കോട്ടയം പേരൂർ സ്വദേശിനി ട്വിങ്കിൾ മരിയ ജയ്സൺ ഒരു ദിവസത്തേക്ക് കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ 11 അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഇന്ത്യയിലെ 18-23 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു മിനിറ്റ് പ്രസംഗ മത്സരത്തിൽ 200 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. അതിൽ കേരള – കർണാടക റീജിയണിലെ മികച്ച 13 മത്സരാർത്ഥികളിൽ ഒരാളാണ് ട്വിങ്കിൾ.

കേരളത്തിന്റെയും കർണാടകയുടെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറമി പിൽമോർ ബെഡ്ഫോർഡിന്റെ പദവി വഹിക്കുവാനാണ് ട്വിങ്കിൾ ഉൾപ്പെടെയുള്ള 13 പേർക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ഒക്ടോബർ 11 ഞായറാഴ്ചയായതിനാൽ ഒമ്പതാം തീയതി, വെള്ളിയാഴ്ചയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പരിപാടി.

കോട്ടയം സി എം എസ് കോളേജിലെ രണ്ടാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. തെള്ളകം ഹോളി ക്രോസ് വിദ്യാ സദനിലായിരുന്നു സ്കൂൾ പഠനം. കോട്ടയം പേരൂർ പുതുക്കാട്ടിൽ ജയ്സൺ പി.ജോണിന്റെയും കവിതാ ജയസൺന്റെയും മകളാണ്.

Exit mobile version