കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി. പ്രത്യക്ഷസമരങ്ങള്‍ നടത്തേണ്ടതില്ലെന്ന തീരുമാനം പിന്‍വലിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള സമരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു അഞ്ച് നേതാക്കള്‍ മാത്രം അണിനിരന്ന സമരം.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റിലാണ് അവസാനിച്ചത്. പ്രതിപക്ഷ നേതാവിന് പുറമെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും യുഡിഎഫ് പ്രതിനിധികളുമുള്‍പ്പെടെ അഞ്ചു പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ രാജാവ് നഗ്‌നനാണെന്നു ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടണമെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ കയ്യാമം വെച്ച് കൊണ്ടുപോകുന്നത് കാണാന്‍ ഈ നാടിനു താല്‍പര്യമില്ലെന്നും എംഎം ഹസ്സനും പറഞ്ഞു.
അതേസമയം വരുന്ന 12-ആം തിയതി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് സമരം സംഘടിപ്പിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരം താല്‍ക്കാലികമായി പിന്‍വലിച്ച യുഡിഎഫ് നിലപാട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സമരവുമായി യുഡിഎഫ് തെരുവിലിറങ്ങിയത്.
