മുതിർന്ന കേരള കോൺഗ്രസ് നേതാവും 40 വർഷമായി ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസ്  അന്തരിച്ചു

തിരുവല്ല: മുതിർന്ന കേരള കോൺഗ്രസ് നേതാവും 40 വർഷമായി ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

കെ.എം.മാണിയുടെ മരണശേഷം പി.ജെ.ജോസഫിനൊപ്പം ചേർന്നു. നിലവിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനാണ്. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളും ലീന, ബോബി, മനു എന്നിവർ മരുമക്കളുമാണ്.

സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശിൽപി എന്ന വിശേഷണം മറ്റാർക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും റജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിയായി.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി.ചാക്കോയിൽ ആകൃഷ്ടനായി 1956ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തിൽ പങ്കെടുത്തു. 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ഒപ്പം ചേർന്നു. പാർട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാർട്ടിയുടെ രൂപീകരണം മുതൽ കെ.എം.മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായി.

Exit mobile version