ജക്കാർത്ത: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ശവപ്പെട്ടിയിൽ കിടത്തി പ്രാകൃത ശിക്ഷ. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മുനിസിപ്പൽ പൊലീസിന്റെ ശിക്ഷാ രീതിയാണിത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് വെച്ച് പിടികൂടുന്നവരെ ശവപ്പെട്ടിയിൽ ഏതാനും മിനിറ്റ് കിടത്തുന്നതാണ് ശിക്ഷ. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ.
മാസ്കില്ലാതെ പുറത്തിറങ്ങി നടന്നാൽ കോവിഡ് ബാധിക്കാൻ സാധ്യത ഏറെയാണ്. ശവപ്പെട്ടിയിൽ കിടക്കാനുള്ള സാധ്യതയും ഉണ്ട് . ഇത് പൊതു ജനത്തെ ഓർമപ്പെടുത്തുകയാണ് ഈ ശിക്ഷാവിധിയിലുടെ പൊലീസ് ലക്ഷ്യമിട്ടത്. ആളുകളെ ഇങ്ങനെ ശവപ്പെട്ടിയിൽ കിടത്തുന്നതും മറ്റുള്ളവർ ഇതിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
മുനിസിപ്പൽ പൊലീസ് തലവൻ ബുധി നോവിയൻ തന്നെ ഇത് നിർത്തിവെക്കാൻ നിർദേശം നൽകി കഴിഞ്ഞു. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴയും നിർബന്ധിത സാമൂഹിക സേവനവുമാണ് നൽകേണ്ടതെന്നാണ് കോവിഡ് മാർഗനിർദേശങ്ങളിൽ പറയുന്നത്. ഇതനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
