കോടതിയലക്ഷ്യ കേസിൽ പിഴയായി വിധിച്ച ഒരു രൂപ അടയ്ക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി∙ കോടതിയലക്ഷ്യ കേസിൽ പിഴയായി വിധിച്ച ഒരു രൂപ അടയ്ക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. കോടതിവിധിക്കെതിരെ നിയമപോരാട്ടം തുടരും. പുനഃപരിശോധനാ ഹർജി നൽകും. അനീതിക്കെതിരെ ശബ്ദമുയർത്താൻ പലർക്കും ഈ കേസ് പ്രചോദനമായി. ഒരു പൗരന്റെ കടമയായാണ് തന്റെ ട്വീറ്റുകളെ കാണുന്നത്. കോടതി ബലഹീനമായാൽ അതു രാജ്യത്തെ ബാധിക്കുമെന്നും പ്രശാന്ത് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് എതിരെ ട്വിറ്ററിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണു പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസ്. പരാമർശങ്ങളുടെ പേരിൽ മാപ്പു പറയാൻ ഒരുക്കമല്ലെന്നു ഭൂഷൺ ആവർത്തിച്ചു നിലപാട് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സുപ്രീം കോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ചത്.

സെപ്റ്റംബർ 15നുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കുകയോ മൂന്നു വർഷത്തേക്ക് അഭിഭാഷകവൃത്തി അനുഷ്ഠിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കോടതിവിധി വന്നതിനു തൊട്ടുപിന്നാലെ തന്റെ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജീവ് ധവാൻ ഒരു രൂപ നൽകിയെന്നും സന്തോഷപൂർവം സ്വീകരിച്ചെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ഒരു രൂപയുമായി ഇരിക്കുന്ന പ്രശാന്ത് ഭൂഷന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

Exit mobile version