ആൽബിൻ സഹോദരിയെ കൊന്നത് സ്വത്തു തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാന്‍ ലക്ഷ്യമിട്ട്; കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്ന് ഡിവൈഎസ്പി

കാസർകോട്: ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത്‌  ആൽബിൻ സഹോദരിയെ കൊന്നത് സ്വത്തു തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാന്‍ ലക്ഷ്യമിട്ടാണെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദ് കുമാർ. ആസൂത്രണം ആൽബിന്‍ ഒറ്റയ്ക്കായിരുന്നു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈമാസം അഞ്ചിനാണ് ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി മരിയ മരിച്ചത്. ഐസ്ക്രീമിൽ എലിവിഷം ചേർത്തുനൽകി സഹോദരൻ ആൽബിൻ ആനിനെ കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾ ഉൾപ്പെടെ 3 പേർക്കാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്തു നൽകിയത്.

കഴിഞ്ഞ 31ന് വീട്ടിലുണ്ടാക്കിയ ഐസ്ക്രീം ആൽബിൻ ഒഴികെ മറ്റെല്ലാവരും കഴിച്ചു. തുടർന്ന് അവശനിലയിലായ ആൻ മരിയക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടൻ ചികിത്സ നൽകി. സ്ഥിതി ഗുരുതരമായപ്പോൾ 5ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആൻ അന്നു തന്നെ മരിച്ചു. പിന്നാലെ ബെന്നിയെയും ബെസിയെയും ഛർദിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കി.

പരിശോധനയിൽ രക്തത്തിൽ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ വിഷാംശം കണ്ടെത്തിയതുമില്ല. ആൻ മരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്.

Exit mobile version