ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് മേഖലയില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേള്‍ക്കും.
സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. പരീക്ഷ റദ്ദാക്കാനാകില്ലെന്നും പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് യുജിസി നിലപാട്.
പരീക്ഷയ്ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും യുജിസി കോടതിയെ അറിയിച്ചിട്ടുണ്ട്. പരീക്ഷ നടത്താന്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സത്യവാങ്മൂലം സമര്‍പ്പിച്ചു.
