നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ മുൻ എസ്പിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ മുൻ എസ്പിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം യൂണിറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ എസ്പിക്ക് സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു.

എസ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഇന്നലെ സി.ബി.ഐ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. കസ്റ്റഡി മര്‍ദ്ദനം തടയുന്നതില്‍ എസ്.പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ടാിരുന്നുവെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി.

എസ്പിയെ ഈ ഘട്ടത്തില്‍ അറസ്റ്റു ചെയ്യുമോ എന്ന് പറയാനാവില്ലെന്നും വിശദമായ ചോദ്യം ചെയ്യലില്‍ തെളിവു കിട്ടിയാല്‍ മാത്രമേ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്യൂവെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ രണ്ടു ദിവസത്തോളം അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. അവശനിലയിലായ രാജ്കുമാറിന്റെ അറസ്റ്റ് 15നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. ജയിലില്‍ അവശനിലയില്‍ കിടന്ന രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂണ്‍ 21ന് മരണമടയുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ന്യുമോണിയ ബാധ ആണെന്ന് പറയുന്നുണ്ടെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ 22 മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിരുന്നു.

ധനകാര്യ സ്ഥാപനത്തിനു വേണ്ടി ആറു മാസം കൊണ്ട് മൂന്നു കോടി രൂപ രാജ്കുമാര്‍ പിരിച്ചെടുത്തുവെന്ന് സ്ഥാപനത്തിലെ ഒരു ജീവനക്കാരി മൊഴി നല്‍കിയിരുന്നു. ഈ പണം കുമളിയിലേക്ക് കൊണ്ടുപോയി എന്നാണ് മൊഴി. എന്നാല്‍ ഈ പണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോലാഹലമേട്ടിലെ തേയിലത്തോട്ടം ലയത്തില്‍ താമസിച്ചിരുന്ന രാജ്കുമാറിന് ഒമ്പതാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. രാജ്കുമാറിനെ മറയാക്കി മറ്റാരോ ആണ് തട്ടിപ്പ് നടത്തിയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

Exit mobile version