ക്രിസ്റ്റൊസം മാർത്തോമാ തിരുമേനിക്ക് കൊടിയ പീഡനം ? മാർത്തോമാ സഭയെ വെട്ടിലാക്കി മെത്രോപ്പൊലീത്തയുടെ ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ; നിഷേധിച്ച് മാർത്തോമാ സഭ; വ്യക്തി വിരോധം മൂലമുള്ള വ്യാജ പ്രചാരണമെന്നും, സഭയെ തേജോവധം ചെയ്യാൻ വ്യാജമായി നിർമിച്ചതെന്നും സഭാ സെക്രട്ടറിയുടെ വിശദീകരണം

പത്തനംതിട്ട: മാർത്തോമാ സഭയെ വെട്ടിലാക്കി മാർ ക്രിസ്റ്റൊസം മെത്രോപ്പൊലീത്തയുടെ ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ. രാജ്യം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ അനുഭവിക്കുന്നതുകൊടിയ പീഡനമെന്ന് ചൂണ്ടിക്കാട്ടി സന്തത സഹചാരിയും ഡ്രൈവറുമായ എബി ജെ എബ്രഹാം മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകിയിരുന്നു .

ഡ്രൈവർ എബി ഏബ്രഹാമിന്റെ പരാതി തള്ളി സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫിന്റെ പ്രസ്താവന ഇറങ്ങുകയും ചെയ്തു . ഇതൊരു വ്യാജ പ്രചാരണമാണെന്നും വ്യക്തി വിരോധം മൂലം സഭയെ തേജോവധം ചെയ്യാനുള്ള ശ്രമം ആണെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

ഒരു വർഷമായി കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിൽ 42-ാം നമ്പർ സ്യൂട്ട് റൂമിലാണ് തിരുമേനിയെ കിടത്തിയിരുന്നത്. യാത്ര ചെയ്യാനും മറ്റും ബുദ്ധിമുട്ടുള്ള തിരുമേനിക്ക് 102 വയസ് കഴിഞ്ഞു. തിരുമേനിയുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തവുമില്ലെന്ന് എബി പരാതിയിൽ ആരോപിക്കുന്നു.

എബിക്ക് പകരം ഒരാളെ തിരുമേനിയെ ശുശ്രൂഷിക്കാൻ സഭ ഏർപ്പെടുത്തിയിട്ടുണ്ട്. അയാൾക്ക് തിരുമേനിയുടെ ആവശ്യങ്ങൾ ഒന്നും അറിഞ്ഞു ചെയ്യാൻ കഴിയുന്നില്ല. തിരുമേനിയെ കാണാൻ വരുന്ന വിഐപികളെയോ പുരോഹിതന്മാരേയോ അറിയുന്നില്ല. 42-ാം നമ്പർ മുറി എസിയാണ്. ഫാനും എസിയും ഇട്ട് വേണം തിരുമേനിക്ക് കിടക്കാൻ. ഇപ്പോൾ കൂട്ടത്തിലുള്ളയാൾക്ക് തണുപ്പത്തു കിടക്കാൻ വയ്യ. അയാൾ മറ്റൊരു മുറിയിലാണ് കിടപ്പ്. രാത്രിയിൽ തിരുമേനിക്ക് എന്തു വന്നാലും ഇയാൾ അറിയാനും പോകുന്നില്ല.

ഒരിക്കൽ ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ വന്നപ്പോൾ തിരുമേനി മുറിയിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു. എസിയും ഫാനും ഓഫ് ചെയ്ത് ജനാലകൾ തുറന്നിട്ടിരുന്നു. ഇതു കണ്ട അഡ്‌മിനിസ്ട്രേറ്റർ പിറ്റേന്ന് തന്നെ മറ്റൊരു കുടുസുമുറിയിലേക്ക് തിരുമേനിയെ മാറ്റി. ഒരു രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടാണ് തിരുമേനി അടുത്ത റൂമിലേക്ക് കൊണ്ടു പോയത്. പിന്നീട് പല തവണ തിരുമേനി തന്നെ അഭ്യർത്ഥിച്ചിട്ടും തിരികെ 42-ാം നമ്പർ റൂമിലേക്ക് മാറ്റിയിട്ടില്ല.

നല്ല ഭക്ഷണം തിരുമേനിക്ക് കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുമായിരുന്നു. എന്നും കുളിപ്പിക്കുകയും പല്ലു തേപ്പിക്കുകയും മുഷിഞ്ഞ വസ്ത്രങ്ങൾ മാറുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തിരുമേനിയെ തുടച്ച് കുറച്ച് പൗഡർ ഇടും. രണ്ടും മൂന്നും മാസം കൂടിയിരിക്കുമ്പോഴാണ് കുളിപ്പിക്കാറ്.

തിരുമേനിക്ക് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവുമൊക്കെ കയറ്റുന്നതും ഇതിൽ തന്നെ. ഇതേപ്പറ്റി താൻ പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ. വേണേൽ കഴിച്ചാൽ മതി എന്നാണ് അഡ്‌മിനിസ്ട്രേറ്ററുടെ മറുപടിയെന്നും എബി പറഞ്ഞു. അഡ്‌മിനിസ്ട്രേറ്ററുടെ ഗുണ്ടായിസവും നഴ്സിങ് മേലധികാരിയുടെ അതിരു കവിഞ്ഞ പ്രവർത്തനവും മനസിലാക്കി ഇവരുടെ കൈയിൽ നിന്ന് തിരുമേനിയുടെ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു. എബിയുടെ വെളിപ്പെടുത്തൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിലൂടെയാണ് പുറത്ത് വന്നത്

അതെ സമയം ഡ്രൈവർ എബി ഏബ്രഹാമിന്റെ പരാതി തള്ളി സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫിന്റെ പ്രസ്താവന. ഇതൊരു വ്യാജ പ്രചാരണമാണെന്നും വ്യക്തി വിരോധം മൂലം സഭയെ തേജോവധം ചെയ്യാനുള്ള ശ്രമം ആണെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. 103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കൽ സേവനവും പരിചരണവും നൽകുന്നുണ്ട്.

2018 ഡിസംബർ 10 മുതലാണ് തിരുമേനിയെ കുമ്പനാടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നെല്ലാം തിരുമേനിയുടെ ഡ്രൈവർക്ക് ശമ്പളവും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. തിരുമേനിക്ക് ആശുപത്രി വിട്ട് പുറത്തേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതി ഇല്ലാത്തതിനാൽ ഇനി ഒരു ഡ്രൈവറുടെ ആവശ്യമില്ല. അതു കൊണ്ടാണ് സഭാ സിനഡും സെക്രട്ടറിയേറ്റും ചേർന്ന് ഡ്രൈവർ എബിയുടെ സേവനം ജൂലൈ 31 വരെ എന്നുള്ള തീരുമാനം എടുത്തത്. അതു വരെയുള്ള എല്ലാ ആനുകൂല്യങ്ങളും അയാൾക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. തിരുമേനിയെ ശുശ്രൂഷിക്കാൻ ആശുപത്രിയിലെ മെഡിക്കൽ സംഘം 24 മണിക്കൂറും ജാഗരൂകരാണ്.

തിരുമേനിക്ക് ആവശ്യമുള്ള ഭക്ഷണമെല്ലാം നൽകുന്നുണ്ട്. അതിനായി പ്രത്യേക പാചകക്കാരൻ തന്നെയുണ്ട്. ഇതിന് മേൽനോട്ടം വഹിക്കുന്നത് ചാപ്ലിൻ റവ. ബിനു വർഗീസാണ്. എല്ലാ ദിവസവും ഡോക്ടർമാരും നഴ്സുമാരുമെത്തി പരിശോധനയും പരിചരണവും നൽകി വരുന്നു. പുലാത്തിൻ അരമനയിൽ നിന്നുമാണ് തിരുമേനിക്ക് പ്രത്യേക അവസരങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. ആംബുലൻസിൽ കൊണ്ടുവന്നുവെന്ന് പറയുന്നത് തിരുമേനിക്കുള്ള ഭക്ഷണമല്ല. ബിരിയാണി തയാറാക്കാനുള്ള പാത്രങ്ങൾ മാത്രമാണ്.

സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ പതിവായി വലിയ തിരുമേനിയെ സന്ദർശിക്കാറുണ്ട്. ഇരുവരും തമ്മിൽ സുദൃഢമായ സ്നേഹബന്ധം ആണുള്ളത്. വന്ദ്യവയോധികരായ പുരോഹിതന്മാർക്ക് അർഹിക്കുന്ന പരിചരണവും സംരക്ഷണവും നൽകുന്നതാണ് എന്നും മാർത്തോമ്മ സഭയുടെ രീതി. ക്രിസോസ്റ്റം തിരുമേനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മുൻപ് ഇതേ പോലെ ആരോപണം ഉയർന്നപ്പോൾ ജില്ലാ കലക്ടറും ഡിഎംഓയും അടക്കമുള്ളവർ പരിശോധന നടത്താൻ എത്തിയിരുന്നു. അന്ന് തനിക്കിവിടെ യാതൊരു കുഴപ്പവുമില്ലെന്നാണ് വലിയ തിരുമേനി പറഞ്ഞത്.

നൂറുകടന്ന വയോധികനായ തിരുമേനിയുടെ പേര് ചിലർ അവരുടെ വ്യക്തി വിരോധം തീർക്കാൻ വേണ്ടി വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്. ഞാനിന്ന് തിരുമേനിയെ സന്ദർശിച്ചിരുന്നു. അപ്പോഴദ്ദേഹം ന്യൂസ് പേപ്പർ വായിക്കുകയും ടെലിവിഷൻ കാണുകയുമായിരുന്നു. ഭക്ഷണവും നന്നായി കഴിക്കുന്നുണ്ട്. വെള്ളപ്പൊക്കം, മഹാമാരി എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കൂളുകളും സർക്കാർ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ടോ എന്നും ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിന് പകരം നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളിൽ നിന്ന് തൽപ്പര കക്ഷികൾ പിന്മാറണമെന്നും സഭാ സെക്രട്ടറി അഭ്യർത്ഥിച്ചു.

Exit mobile version