കോട്ടയത്ത് കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബി ജെ പി കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ്;

കോട്ടയം: കോവി‍ഡ‍് പോസിറ്റീവായി മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർ ടി.എൻ.ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് പൊലീസ് നടപടി. മൃതദേഹം ഇന്നലെ രാത്രി വൈകി സംസ്കരിച്ചിരുന്നു.

ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജിന്റെ (83) മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയായിരുന്നു ഞായറാഴ്ച തർക്കം ഉടലെടുത്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച വൈകിട്ടാണ് ഔസേഫ് മരിച്ചത്. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് വാർഡ് കൗണ്‍സിലർ ഹരികുമാറും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ ചേർന്നു തടയുകയായിരുന്നു.

വൈകിട്ട് നാലര മണിക്കൂർ നീണ്ട പ്രതിഷേധത്തിനും വാഗ്വാദങ്ങൾക്കും ശേഷം സംസ്കാരച്ചടങ്ങുകൾ നടത്താൻ കഴിയാതെ അധികൃതർ പിൻവാങ്ങിയിരുന്നു. തുടർന്ന് രാത്രി 10.55നു ജില്ലാ ഭരണകൂടം കനത്ത പൊലീസ് സന്നാഹത്തോടെ മൃതദേഹം എത്തിച്ച് സംസ്കാരം നടത്തി.

 

Exit mobile version