സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ശിവശങ്കർ പുലർച്ചെ കൊച്ചിയിൽ എത്തി; ഐഎഎസുകാരന് ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; പ്രമാദമായ കേസിൽ നടപടികൾ ഉറ്റുനോക്കി കേരളം

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ കൂടുതൽ വ്യക്തതക്കു വേണ്ടി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കർ പുലർച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവലിലെ 9.15 ഓടെ കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തി.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനുള്ളിൽ് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് എൻ.ഐ.എ നിർദേശിച്ചിരുന്നത്. എന്നാൽ രാവിലെ തന്നെ ശിവശങ്കർ എത്തുകയായിരുന്നു. പുലർച്ചെ വീട്ടിൽ നിന്ന് കാറിൽ യാത്ര തുടങ്ങിയ ശിവശങ്കർ നേരെ എൻഐഎ ആസ്ഥാനത്ത് എത്തുകയായിരുന്നു. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ചോദ്യംചെയ്യൽ വീഡിയോയിൽ പകർത്തും.  പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ നടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്.

സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എൻഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താൻ നിർദേശിച്ചത്.

 

Exit mobile version