കോട്ടയം: കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിൽ സംസ്കാരം നടത്തില്ല. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു.
നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് ആളുകൾ കൂടി നിന്ന് മൃതദേഹം എത്തിക്കുന്നതിനെ എതിർത്തു.
പ്രദേശത്തേക്കുള്ള വഴി കെട്ടി അടച്ചത് പൊലീസ് അഴിച്ചു മാറ്റി. മൃതദേഹം ദഹിപ്പിക്കാനാണു തീരുമാനമെന്നും മറ്റു തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം വിശദീകരിച്ചെങ്കിലും നാട്ടുകാർ അംഗീകരിച്ചില്ല.
നാട്ടുകാരെ പിന്തുണച്ച് നഗരസഭാ കൗൺസിലറും രംഗത്തെത്തി. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലർ കയർത്താണ് സംസാരിച്ചത്. ‘തന്റെ വീട്ടിൽ കൊണ്ടുപോടോ’ എന്നു പറഞ്ഞായിരുന്നു ആക്രോശം.
കോവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിച്ചാൽ അതിൽ നിന്നും യാതൊരുവിധ വൈറസും പുറത്ത് വരുവാൻ സാധ്യതയില്ല. കാരണം ശരീരം വെന്തു കരിയുകയാണ് ചെയ്യുന്നത്. പുക പുറത്തു പോകുന്നത് വളരെയധികം ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴിയും. ഇത് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചെങ്കിലും , നാട്ടുകാരും കൗൺസിലറും വഴങ്ങിയില്ല.
സാക്ഷര കേരളത്തിൽ, പ്രത്യേകിച്ച് സമ്പൂർണ സാക്ഷരത കൈവരിച്ച അക്ഷരനഗരിയെന്ന കോട്ടയത്ത് ഇത്തരമൊരു സംഭവം ഉണ്ടായതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിക്ഷേധം ഉയരുന്നുണ്ട്. മരിച്ചു ദിവസങ്ങൾ പിന്നിട്ട മൃതദേഹം വീണ്ടും സൂക്ഷിക്കുന്നതിലും പരിമിതികളുണ്ട്.
ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജ് (83) ആണ് ഇന്നലെ രാത്രി കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കൊവിഡാണെന്നു മരണ ശേഷമാണ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു, ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന നാലോളം ആളുകളോട് ക്വാറന്റനിയിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
മുൻ നഗരസഭ ജീവനക്കാരനായ ഇദ്ദേഹം വീണു പരിക്കേറ്റതിനെ തുടർന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു.
ഒരാഴ്ച നീണ്ട ചികിത്സയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്കു വിട്ടയക്കുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയെങ്കിലും പിന്നീടും, ഇദ്ദേഹത്തിന് രോഗം മൂർച്ഛിക്കുകയായിരുന്നു. തുടർന്നു ഇതേ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പത്തു മിനിറ്റിനുള്ളിൽ മരണം സംഭവിച്ചു.
ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു സ്രവസാമ്പിൾ ശേഖരിച്ചു വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് കൊവിഡ് ആണെന്നുറപ്പിച്ചത്. തുടർന്നു, ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം രണ്ടാമത്തും പരിശോധിച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
