കോട്ടയം: കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ജനവാസ മേഖലയിൽ സംസ്‌കരിക്കുന്നതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് ഉപരോധിക്കുന്നു. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് ആളുകൾ കൂടി നിന്ന് മൃതദേഹം എത്തിക്കുന്നതിനെ എതിർത്തു.
പ്രദേശത്തേക്കുള്ള വഴി കെട്ടി അടച്ചത് പൊലീസ് അഴിച്ചു മാറ്റി . റോഡ് അടച്ചു കെട്ടുന്നത് അംഗീകരിക്കില്ലെന്നു പൊലീസ് അറിയിച്ചു . മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടം തീരുമാനിക്കട്ടെയെന്നു പൊലീസ് ജനങ്ങളോട് പറഞ്ഞു.
മൃതദേഹം ദഹിപ്പിക്കാനാണു തീരുമാനമെന്നും മറ്റു തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം വിശദീകരിക്കുന്നു. നാട്ടുകാർ അടച്ച ശ്മശാനം പൊലീസെത്തി തുറന്നതാണ് സംഘർഷത്തിൽ കലാശിച്ചത് . ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജ് (83) ആണ് ഇന്നലെ രാത്രി കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
പിന്നാലെ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആർ.ഡി.ഒ അടക്കം സ്ഥലത്ത് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. അതേ സമയം സ്ഥലം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്.
ശ്മശാനത്തിന്റെ ഗേറ്റ് പൂട്ടിയ നിലയിലാണ്. സംഭവത്തിൽ കോട്ടയം നഗരസഭ അടിയന്തര യോഗം ചേരുകയാണ്. പള്ളിയിൽ സംസ്‌കാരം നടത്താനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കളക്ടർ അടിയന്തരയോഗം വിളിപ്പിച്ചിട്ടുണ്ട്.
