തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ.
വിദേശത്തുനിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24. നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി രോഗം ബാധിച്ചവർ ഇന്ന് 1000ൽ താഴ്ന്നു. പക്ഷേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണ്. തിരുവനന്തപുരം ജില്ലയിൽ പൂന്തുറ, പുല്ലുവിള, പുതുക്കുറച്ചി, അഞ്ചുതെങ്ങ്, ഭീമാപള്ളി എന്നിങ്ങനെ 5 ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. ഇവിടങ്ങളിൽ രോഗം കുറയുന്ന സാധ്യത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലയിലേക്കു രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 17 എഫ്എൽടിസികളിൽ 2103 കിടക്കകൾ സജ്ജമായി. 18 എഫ്എൽടിസികള്‍ ഉടൻ സജ്ജമാകും. ഇവിടെ 1817 കിടക്കകളുണ്ടാകും. പുല്ലുവിളയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 671 പരിശോധനകൾ നടത്തി. അതിൽ 288 പോസിറ്റീവ് ആയി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് റേറ്റ്. പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു, 18 പോസിറ്റീവ്. ജൂലൈ 21ന് 64 സാംപിളുകൾ ശേഖരിച്ചു,15 പോസിറ്റീവ്. ജൂലൈ 22ന് 55 സാംപിളുകളെടുത്തു, 22 പോസിറ്റീവ്, 23ന് 49 സാംപിളുകൾ ശഖരിച്ചു, 14 പോസിറ്റീവ്.
പുല്ലുവിളയിൽ ജൂലൈ 20ന് 50 സാംപിളുകൾ, 11 പോസിറ്റീവ്. ജൂലൈ 21ന് 46 സാംപിൾ ശേഖരിച്ചു, 22 പോസിറ്റീവ്. ജൂലൈ 22ന് 48 സാംപിൾ, 22 പോസിറ്റീവ്, 23ന് 36 സാംപിളുകൾ, 8 പോസിറ്റീവ്. രോഗവ്യാപന തോത് കുറയുന്നുണ്ട്. എന്നാലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ല. കൊല്ലത്ത് 33 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചയിൽ തയാറാകും. അതോടെ 64 സിഎഫ്എൽടിസികളിൽ ആകെ കിടക്കകൾ 8474 ആകും.
പത്തനംതിട്ട കുമ്പഴ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. സമ്പർക്കം വഴി 205 പേർക്കു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗവ്യാപനം ദൃശ്യമായില്ല. തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോൺവെന്റിൽ സമ്പർക്കം മൂലം ഇതുവരെ 44 പേർക്ക് രോഗം വന്നു. ജില്ലയിൽ 75 സിഎഫ്എൽടിസികളിലായി 7364 ബെഡുകൾ സജ്ജമാക്കും. നിലവിൽ 5 സിഎഫ്എൽടിസികളിൽ 624 ബെഡുകളാണ് ഉള്ളത്.
ആലപ്പുഴയിൽ കോവിഡ് കേസുകൾ കൂടുതലായി കാണുന്ന കുറത്തികാട്, കായംകുളം, ചേർത്തല താലൂക്ക് ആശുപത്രി, ഐടിബിപി ഇവിടങ്ങളിൽ കേസുകൾ കുറയുന്നുണ്ട്. തീരപ്രദേശങ്ങളിലെ ക്ലസ്റ്ററുകൾ സജീവമാണ്. സമ്പർക്ക പട്ടികയിലെ 105 പേർക്ക് ടെസ്റ്റ് നടത്തിയപ്പോൾ കടക്കരപള്ളിയിൽ 18 പേർക്കും ചെട്ടികാട് സമ്പർക്കപട്ടികയിലെ 465 പേരിൽ 29 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി 29 കെട്ടിടങ്ങളിലായി 3140 ബെഡുകൾ സജ്ജീകരിച്ചു. കോട്ടയത്ത് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ച കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വർക് ഫ്രം ഹോമിൽ ചുമതല നിർവഹിക്കുന്നു. ചങ്ങനാശേരിക്കും പായിപ്പാടിനും പുറമേ പാറത്തോട്, പള്ളിക്കത്തോട് എന്നിവയാണ് നിലവിലെ ക്ലസ്റ്ററുകൾ. സിഎഫ്എൽടിസികള്‍ക്കായി ഇതുവരെ 55 സ്ഥാപനങ്ങൾ ഏറ്റെടുത്തു. ഇതിൽ വിപുലമായ സൗകര്യമുള്ള 33 കേന്ദ്രങ്ങളിൽ 4255 പേരെ താമസിപ്പിക്കാനാകും.
ഇടുക്കിയിൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ഇല്ല. സമ്പർക്ക ബാധ കൂടിയ പ്രദേശങ്ങൾ കൊന്നത്തടി, രാജാക്കാട് എന്നിവയാണ്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി അഞ്ച് താലൂക്കുകളിലായി 5606 പേർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. 3114 പേർക്കുള്ള സൗകര്യം പൂർത്തിയായി. എറണാകുളത്ത് വൃദ്ധജന രോഗീപരിപാലന കേന്ദ്രങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിൽ രോഗവ്യാപനം ഉണ്ടായത് ഗൗരവത്തോടെ കാണണം.
തൃക്കാക്കരയിലെ ഒരു കെയർഹോമിൽ 135 അന്തേവാസികളുടെ ആന്റിജൻ പരിശോധനയിൽ 40 പേരുടെ റിസൾറ്റും പോസിറ്റീവ് ആയി. കെയർഹോമുകളിലേക്കു സന്ദർശകരെ അനുവദിക്കില്ല. പുറമേക്കുള്ള കെയർഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തും. പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ളവരുടെ കെയര്‍ ഹോമുകളിൽതന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലൻസ് സൗകര്യവും ഉണ്ടാകും. മൊത്തം ചികിത്സാ സൗകര്യത്തിൽ 39 ശതമാനം കിടക്കകളാണ് ഇപ്പോൾ വിനിയോഗിച്ചിട്ടുള്ളത്.
47 ശതമാനം ഐസിയു, 26 ശതമാനം വെന്റിലേറ്ററുകളും ഉപയോഗിച്ചു. പ്രധാന ക്ലസ്റ്ററായ ആലുവയിൽ രോഗവ്യാപനം ശക്തമായി തുടരുന്നു. സമീപ പഞ്ചായത്തുകളിലും കൂടുതൽ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചി കോർപറേഷനിലെ ചില പ്രദേശങ്ങളിൽ സമ്പര്‍ക്കം മൂലം രോഗം റിപ്പോർട്ട് ചെയ്തു. ആകെ 109 എഫ്എൽടിസികളിൽ 5897 പോസിറ്റീവ് കേസുകൾ അഡ്മിറ്റ് ചെയ്യാൻ സൗകര്യമുണ്ട്. 24 കേന്ദ്രങ്ങളിൽ ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 21 സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
