സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 116 പേർ വിദേശത്തുനിന്നും 90 പേർ ഇതര സംസ്ഥാനത്തുനിന്നും വന്നവരാണ്. 19 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നു രണ്ടു മര‍ണമുണ്ടായി. തിരുവനന്തപുരത്ത് അരുൾ ദാസ്, ബാബുരാജ് എന്നിവരാണു മരിച്ചത്.

ശനിയാഴ്ച കോവിഡ് ബാധിച്ചവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, കോട്ടയം 16, ഇടുക്കി 28, എറണാകുളം 44, തൃശൂർ 21, പാലക്കാട് 49, മലപ്പുറം 19, കോഴിക്കോട് 26, വയനാട് 26, കണ്ണൂർ 39, കാസർകോട് 29

സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതൽ. നിരവധി ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. ശാസ്ത്രീയമായ പരിഹാര മാർഗത്തിലേക്ക് നമ്മൾ പോയേ തീരൂ.

രോഗവ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനി പോലുള്ളിടങ്ങളിൽ വിജയിച്ചു. ഗുരുതരമായ രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. ഗുരുതരമല്ലാത്തവരെ പ്രഥമതല കോവിഡ് സെന്ററിലും ചികിത്സ നൽകും. സ്വകാര്യ ആശുപത്രികൾക്കും രോഗികളെ ചികിത്സിക്കാം. 50,000 കിടക്കകളോടെ ചികിത്സാകേന്ദ്രം ആരംഭിക്കും. 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്. ഇവരെ വീട്ടിൽ തന്നെ ചികിത്സിച്ചാൽ മതിയാകും.

അപകട സാധ്യതയുള്ളവർക്കു തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ നൽകാം. വ്യാപനം കൂടിയാൽ ഇക്കാര്യം കൂടി പരിഗണിക്കും. പുറത്തു നിന്നും വരുന്നവരിൽ രോഗബാധ കുറഞ്ഞു വരുന്നുണ്ട്. ജീവന്റെ വിലയുള്ള ജാഗ്രത എന്ന ആശയം വ്യാപിപ്പിക്കണം. നിപ്പയും പ്രളയവും ഒരുമാസം നീണ്ടുനിന്നു. കോവിഡ് േനരിടാൻ തുടങ്ങിയിട്ട് ആറു മാസമായി. അതിന്റെ മടുപ്പും ക്ഷീണവും പലർക്കുമുണ്ട്. ലോകമാകെ വ്യാപിച്ച ഒരു മാഹാമാരിയെയാണ് നാം നേരിടുന്നത്. കോവിഡിനെയും നമുക്ക് നേരിടാൻ സാധിക്കും.

Exit mobile version