കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പ്രതികൾ സ്വർണം കടത്തിയിരിക്കുന്നതു രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്നും ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ് എൻഐഎ കോടതി ഒരാഴ്ചത്തേയ്ക്കു കസ്റ്റഡിയിൽ നൽകിയത്.
ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. എഫ്ഐആർ തയാറാക്കിയപ്പോൾ ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റ് തിരുത്തുന്നതിനും അപേക്ഷ നൽകി.
ഇന്നലെ പിടിയിലായ സ്വപ്‍ന സുരേഷിനെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കി കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇരുവർക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായതോടെ വീണ്ടും കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകിയതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.
