സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. ഇന്നു 416 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം:  സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേർ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു. രോഗം ബാധിച്ചവരിൽ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ 51 പേർ. സമ്പർക്കം വഴി 204 പേർക്കും രോഗം ബാധിച്ചു. 36 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17.

ഇതുവരെ 11,693 സാംപിളുകൾ പരിശോധിച്ചു. 1,84,112 പേർ നിരീക്ഷണത്തിൽ. ഇന്നു 422 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹവ്യാപനം തർക്കവിഷയം ആക്കേണ്ടതില്ല. കൂടുതർപേർക്കു രോഗം ബാധിക്കുന്നതിനാൽ ചികിത്സാരീതി വർധിപ്പിക്കും. ഗുരുതര സ്ഥിതിയിലുള്ള രോഗികളെ ചികിത്സിക്കാൻ ഓരോ ജില്ലകളിലും രണ്ട് ആശുപത്രികളും അതല്ലാത്ത രോഗികളെ ചികിത്സിക്കാൻ പ്രഥമഘട്ട കോവിഡ് ചികിത്സാകേന്ദ്രങ്ങളും തയാറാക്കി.

രോഗികളുടെ എണ്ണം കൂടിയാൽ സ്വകാര്യമേഖലയുമായി സഹകരിക്കും. അതിനായി പ്ലാൻ എ, ബി, സി തയാറാക്കി. ഇന്ത്യയിലെ മഹാനഗരങ്ങളെല്ലാം കോവിഡ് മഹാമാരിക്ക് മുമ്പിൽ മുട്ടുമടക്കി. ആദ്യഘട്ടത്തിൽ പിടിച്ചുനിന്ന ബെംഗളൂരു പോലും കാലിടറുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കേസുകളാണ് നഗരത്തിലുണ്ടായത്. ചെന്നൈയിലെ സ്ഥിതി അതിലും മോശമാണ്. കേരളത്തിൽ രോഗബാധ ഉണ്ടായ ശേഷമാണ് ഇവിടങ്ങളിൽ ആദ്യത്തെ കേസുകളുണ്ടാതെന്ന് ഓർക്കണം.

ഇവിടങ്ങളിലൊക്കെ ഏതെങ്കിലും സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുണ്ടാകും. പിന്നെ മൾട്ടിപ്പിൾ ക്ലസ്റ്ററുണ്ടാകും. പിന്നെയാണ് സമൂഹവ്യാപനം വരിക. സമാനമായ സാഹചര്യമാണ് ഇവിടെ കണ്ടെത്തിയ സൂപ്പർ സ്പ്രെഡ്. ശ്രദ്ധ കൊടുത്തില്ലെങ്കിൽ രോഗം പടർന്ന് പിടിക്കും. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഇത് ഒട്ടാകെ വ്യാപിക്കാൻ ഒരുപാട് കാലം വേണ്ട. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കണം.

മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം അഞ്ഞൂറിൽപ്പരമാണ്. മരണസംഖ്യ 9 മാത്രം. ഇന്ന് കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 21,604 ആളുകൾ മരിച്ചു. നമ്മളെത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴം എന്താണെന്ന് ഈ കണക്കുകൾ പറയും. രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോൾ പ്രതിരോധം തീർക്കണം. പകരം അത്തരം നടപടികളെ ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുത്.

വികസിത രാജ്യങ്ങൾ പോലും പകച്ചു പോയപ്പോൾ ക്യൂബ, വിയ്റ്റനാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും നല്ല രീതിയിൽ പ്രതിരോധം തീർത്തത്. ചൈനയും ആദ്യഘട്ടത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു. അവിടങ്ങളിലെല്ലാം ജനങ്ങൾ കാണിച്ച സാമൂഹിക അച്ചടക്കം നമ്മളും പിന്തുടരണം. രോഗ പ്രതിരോധത്തെ അട്ടിമറിക്കുന്നതിന് ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണ്. സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

ഇന്നുമാത്രം തിരുവനന്തപുരത്ത് 129 പേരിൽ 105 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. പഠനത്തിൽ ജില്ലയിൽ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. കേരളത്തിൽ ഇതുവരെ 2 ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആണുള്ളത്. പൊന്നാനിയും തിരുവനന്തപുരം കോർപറേഷനിലെ 3 വാർ‍ഡുകളും. ക്ലസ്റ്റർ മാനേജ്മെന്റ് കർശനമായി നടപ്പാക്കേണ്ടത് സമൂഹവ്യാപനം തടയാൻ അത്യാവശ്യമാണ്.

നിർഭാഗ്യവശാൽ, യുഡിഎഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്. പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ് പ്രചാരണം നടത്തി. പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും പ്രചരിപ്പിച്ചു. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് പ്രധാനം. അതിനാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്– മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version