തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ആരോപണം നേരിടുന്ന സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റിൽ ഐടി സെക്രട്ടറി സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് ഫ്ലാറ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി. സ്റ്റേറ്റ് കാറിലാണ് ഐടി സെക്രട്ടറി സ്ഥിരമായി ഫ്ലാറ്റിൽ എത്തിയിരുന്നതെന്ന് ചാനലുകളോട് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആരോപിച്ചു.
ഐടി സെക്രട്ടറിക്ക് സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷവും ബിജെപി നേതൃത്വവും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ പ്രതികരണം. 2018 വരെയാണ് സ്വപ്ന സുരേഷ് മുടവൻമുകളിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
ജോയിന്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത്:
‘5 വർഷം സ്വപ്ന സുരേഷ് ഇവിടെ താമസിച്ചിരുന്നു. അപ്പോഴാണ് കോൺസുലേറ്റിൽ ജോലി ലഭിച്ചത്. അതോടെ ട്രാവൽ ഏജൻസി പ്രതിനിധികൾ ഫ്ലാറ്റിൽ കാര്യങ്ങൾ സാധിക്കാനായി വന്നു തുടങ്ങി. ഐടി സെക്രട്ടറി എന്നയാൾ ഇവിടെ വരാറുണ്ട്. ആഴ്ചയിൽ മൂന്നു നാലു ദിവസം വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്ലാറ്റിലായിരുന്നു. ആഹാരമെല്ലാം ഫ്ലാറ്റിലേക്കു വരുത്തും. സ്റ്റേറ്റ് കാറിലാണ് വരുന്നത്. നിത്യ സന്ദർശനമായപ്പോൾ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ തീരുമാനിച്ചു.
സെക്യൂരിറ്റിയെ ഏർപ്പാടു ചെയ്തു. ഇതിന് സ്വപ്നയുടെ ഭർത്താവ് സെക്യൂരിറ്റിയെ അടിച്ചു. പൊലീസിൽ വിവരമറിയിച്ചെങ്കിലും സർക്കിൾ കേസെടുത്തില്ല. പിന്നീട് സെക്യൂരിറ്റിയെ സ്വാധീച്ച് കേസ് ഒതുക്കി.
