രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.

തിരുവനനന്തപുരം: സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കും; ട്രിപ്പിൾ ലോക്‌ഡൗണിലെ നിയന്ത്രണങ്ങൾ

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂർണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദേശം. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റ വഴി മാത്രം ഏർപ്പെടുത്തും. സിറ്റി, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരു.സെൻട്രൽ കെഎസ്ആർടിസി ഡിപ്പോകൾ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് തുറക്കാൻ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ്‌മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

Exit mobile version