കൊച്ചി: പിറവം മുളക്കുളത്ത് ഒരു വീട്ടിലെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് ഒരാഴ്ച മുൻപെത്തിയ 2 കുട്ടികൾക്കും ഇവരെ പരിചരിച്ച മുത്തശ്ശിക്കും ബന്ധുവിനുമാണു രോഗം. വീട്ടിൽ നിരീക്ഷണത്തിലായിരുന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ഉറവിടം അറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയർന്നതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്കയാണ്. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ ഇന്നു കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും.
പാളയം മാർക്കറ്റും തൊട്ടടുത്തുള്ള സാഫല്യം കോംപ്ലക്സും അടച്ചു. ബസ് സ്റ്റോപ്പുകളിലും സർക്കാർ, സ്വകാര്യ ഓഫിസുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ് പരിശോധന കർശനമാക്കി. വഞ്ചിയൂരും കുന്നുംപുറവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. പാളയം സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനും വഞ്ചിയൂരിൽ ലോട്ടറി വിൽപനക്കാരനും രോഗം ബാധിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.
