സംസ്ഥാനത്തു ഇന്ന് 151 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 131 രോഗമുക്തി . ഇന്ന് രോഗം ബാധിച്ചതിൽ 86 പേർ വിദേശത്ത് നിന്ന് വന്നതാണ്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 81 പേർ. സമ്പർക്കം വഴി 13 പേർ. ജൂൺ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് ഡോക്ടേഴ്സ്‍ ഡേയാണ്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്ന്. ലോകത്തിന്റെ നാനാകോണുകളിലും ജീവൻ വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.

എങ്കിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലെന്നും മരണ നിരക്ക് വലുതായി വർധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം നൽകുന്നു. വരും ദിവസങ്ങളിൽ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാൻ മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ട്്. ഡോക്ടർ ബി.സി.റോയിയുടെ ജന്മദിനമാണ് ഇന്ത്യയി്ൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന ഡോക്ടർമാരാണ് ഈ ദിനത്തിൽ ആദരിക്കപ്പെടുന്നത്. നമ്മുടെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും ഡോക്ടർമാർക്ക് അവകാശപ്പെട്ടതാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ ഡോക്ടർമാർ കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും പല ലോകരാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നു.

Exit mobile version