കോട്ടയം: കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റേതല്ലെന്ന് മാതാപിതാക്കൾ. ചെരുപ്പും വസ്ത്രങ്ങളും മൊബൈൽ ഫോണും വൈക്കത്ത് നിന്ന് കാണാതായ ജിഷ്ണുവിന്റേതല്ലെന്നും മാതാപിതാക്കൾ പറയുന്നു.
അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് മാതാപിതാക്കളെ എത്തിച്ച് പൊലീസ് പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾക്കായി ഡിഎൻഎ പരിശോധന ഫലം ലഭിക്കുന്നതു വരെ കാത്തിരിക്കും.
കഴിഞ്ഞ ദിവസമാണ് കോട്ടയം ചങ്ങനാശേരി റോഡിൽ മറിയപ്പള്ളി ക്ഷേത്രത്തിന് എതിർവശത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഭൂമിയിൽ ലിറ്റററി മ്യൂസിയം നിർമിക്കുന്നതിനായി കാട് വെട്ടിത്തെളിച്ചപ്പോഴാണ് സംഭവം.
വസ്ത്രം ധരിച്ച നിലയിൽ മരച്ചുവട്ടിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ മാംസ ഭാഗങ്ങൾ പൂർണമായി ദ്രവിച്ച നിലയിലായിരുന്നു. മണ്ണ് നീക്കാൻ എത്തിയ ജെസിബി ഓപ്പറേറ്റർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
