കൊച്ചി: കോവിഡ് കാലത്ത് ബസ് മിനിമം ചാർജ് വർധിപ്പിക്കാൻ ശുപാർശ. മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട്. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെ കമ്മിഷന്‍ സർക്കാരിനു കൈമാറി. അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11ന് യോഗം ചേരുമെന്നാണ് സൂചന.
അഞ്ചു കിലോമീറ്ററിനു മിനിമം ചാർജ് എട്ടു രൂപയായിരുന്നത് 10 രൂപയാക്കണമെന്നാണ് കമ്മിഷന്റെ പ്രധാന ശുപാർശ. തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് 10 കഴിഞ്ഞാൽ 12, 14, 16, 18, 20 എന്നിങ്ങനെയാണു തുടർന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാർശയും കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്.
നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മിഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്.
