ബന്ധുക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷം നടിമാര്‍ക്ക് വിവാഹാലോചനയുമായെത്തും; പിന്നീട് എന്തെങ്കിലും ബിസിനസ് പേരും പറഞ്ഞ് പണം ആവശ്യപ്പെടും; ഒരു തവണ പണം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഫോണ്‍ നമ്പര്‍ മാറ്റും; തട്ടിപ്പ് രീതി ഇങ്ങനെ….

കൊച്ചി: നടി ഷംനകാസിമിനെ കബളിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ ഇന്നലെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംനയെ കൂടാതെ മറ്റ് പെണ്‍കുട്ടികളെയും ഇവര്‍ സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. തട്ടിപ്പുകാര്‍ നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നത് തങ്ങള്‍ ഉയര്‍ന്ന സാമ്പത്തികമുള്ളവരെന്ന് പരിചയപ്പെടുത്തിയായിരുന്നു.

ബന്ധുക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷം നടിമാര്‍ക്ക് വിവാഹാലോചനയുമായെത്തും. പിന്നീട് എന്തെങ്കിലും ബിസിനസ് പേരും പറഞ്ഞ് പണം ആവശ്യപ്പെടും. ഒരു തവണ പണം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഫോണ്‍ നമ്പര്‍ മാറ്റും. പിന്നീട് വിളിച്ചാല്‍ ഇങ്ങനെയൊരു നമ്പര്‍ നിലവില്‍ ഉണ്ടായിരിക്കുകയും ഇല്ല.

കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.

സംഘത്തിൽ ഏഴു പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ നാലു പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

Exit mobile version