കോട്ടയം: ലോക്ക്ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ്-19 മോറട്ടോറിയം ആനുകൂല്യം അർഹതപ്പെട്ടവർക്ക് നൽകാതെ ധനകാര്യ സ്ഥാപനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകുമെന്ന് ജില്ലാ ചെയർമാൻ വിനോദ് പെരുഞ്ചേരി അറിയിച്ചു.
കോവിഡ്-19 മൂലം ഉണ്ടായ തൊഴിൽ നഷ്ടവും, വ്യാപാര മാന്ദ്യവും, കാർഷിക മേഖലയിലെ ബുദ്ധിമുട്ടുകളും കാരണം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽനിന്നും സാധാരണക്കാരെയും, ദിവസ വരുമാനക്കാരെയും, കർഷകരെയും, ചെറുകിട കച്ചവടക്കാരെയും, കൈത്തൊഴിലുകാരെയും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ, വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും അതിന്റെ ഗുണഫലം അർഹതപ്പെട്ടവർക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്.
സഹകരണ സ്ഥാപനങ്ങളും, പ്രൈവറ്റ് ബാങ്കുകളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും മോറട്ടോറിയം അട്ടിമറിച്ച് ആനുകൂല്യം നൽകാതെ ഇടപാടുകാരെ കബളിപ്പിക്കുന്ന അവസ്ഥയാണുള്ളത്. ഈ സ്ഥാപനങ്ങളിൽ മൊറട്ടോറിയത്തിനായി അപേക്ഷ (ഓൺലൈനിലും മറ്റും) സമർപ്പിക്കുമ്പോൾ റിജെക്ട് ചെയ്യുകയും, ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്ത് ചെക്ക് ബൗൺസ് ചാർജും, മറ്റ് ചാർജുകളും ചേർത്ത് അമിതമായ തുക ഇടപാടുകാരിൽനിന്നും നിർബന്ധിതമായി ഈടാക്കുകയും ചെയ്യുന്നു
ഇതിനെതിരെ കോട്ടയം ജില്ലാ കമ്മിറ്റി നാളെ എല്ലാ നിയോജക മണ്ഡലങ്ങളിലും രാവിലെ 10മണി മുതൽ 5മണി വരെ പൊതുജനങ്ങളിൽനിന്നും ഒപ്പ് ശേഖരണം നടത്തി വ്യാഴാഴ്ച (18/06/2020) രാവിലെ കളക്ടർക്ക് നിവേദനം സമർപ്പിക്കും.
ഒപ്പ് ശേഖരണം നാളെ രാവിലെ 10മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ ചേരുന്ന യോഗത്തിൽ ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി എം. പി. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്യും, കോട്ടയം നിയോജക മണ്ഡലം ചെയർമാൻ ലിബിൻ ഐസക് അധ്യക്ഷത വഹിക്കും. ജില്ലാ ചെയർമാൻ വിനോദ് പെരുഞ്ചേരി പ്രസംഗിക്കും.
