കോട്ടയം: എല്ലാവര്ക്കും തുല്യ പെൻഷൻ 10000 രൂപ നൽകണം എന്ന ആശയവുമായി ഉടലെടുത്ത ഓ ഐ ഓ പി എന്ന സംഘടനയെ നെഞ്ചിലേറ്റി സ്വീകരിച്ച് കേരളീയർ. ദിവസേന ആയിരക്കണക്കിന് പേരാണ് ഈ സംഘടനയുടെ വിവിധ ഫെയ്സ്ബൂക് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നത്. അതാണ് വൺ ഇന്ത്യ വൺ പെൻഷൻ. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ആശയത്തിന് ജനങ്ങളുടെ പൂർണ്ണ സപ്പോർട്ട് ലഭിക്കുന്നത്.
60 വയസ്സ് പൂർത്തിയായ സകല ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം മാസം പെൻഷൻ കിട്ടണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. കർഷകർ മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ വരെ. പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ എല്ലാവർക്കും തുല്യ പെൻഷൻ. വെറും ഒരു വർഷം കൊണ്ട് കേരളത്തിലെ മുഴവൻ ആളുകൾക്കും ഇടയിൽ എത്തുന്ന രീതിയിൽ ഈ ആശയം മാറിക്കഴിഞ്ഞു എന്ന് വേണം പറയുവാൻ.
അതായതു ഈ ആശയവുമായി ഒരു പാർട്ടി ഇലക്ഷനിൽ മത്സരിച്ചാൽ ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാർ ആ പാർട്ടിയെ വിജയിപ്പിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അതായതു ഒരു മൂന്നാം മുന്നണി ഇവിടെ രൂപപ്പെടുമോ എന്ന കാര്യത്തിൽ ഏവർക്കും ഇപ്പോൾ സംശയങ്ങളുണ്ട്. ഡൽഹി തൂത്തുവാരി ആം ആദ്മി പാർട്ടി കൊണ്ട് പോയപോലെ ഇത്തരത്തിലൊരു മൂന്നാം മുന്നണി രൂപീകൃതമായാൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നാണക്കേട് തന്നെയാണ്.
അതിനാൽ തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും ഈ ക്യാംപയിൽ ഇത്ര ശക്തിപ്പെട്ടിട്ടും വാർത്തകൾ നൽകിയിട്ടില്ല എന്ന് വേണം പറയാം. ഓൺലൈൻ മാധ്യമങ്ങൾ ഈ വിഷയം ഇപ്പോൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
ജീവിക്കാനായി ഒരു കർഷകൻ പശുവിനെ പോറ്റി വളർത്തുമ്പോൾ, പെൻഷൻ തുക കൊണ്ട് മുന്തിയ ഇനം നായ്ക്കൾക്ക് ചിക്കനും, മട്ടനും, ബീഫും ഒക്കെ കൊടുത്തു പരിപാലിക്കുന്നവർ ഇവിടെ ഉണ്ട്. ഇവിടെയാണ് ഈ ആശയം സജീവമാകുന്നത്. 1200 രൂപ പെൻഷൻ ലഭിക്കുന്ന കർഷകന് ആ പണം കൊണ്ട് ജീവിക്കാമെങ്കിൽ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എന്ത് കൊണ്ട് ജീവിച്ചു കൂടാ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. ഇവിടെ ഉരുത്തിരിയുന്ന ആശയമാണ് സകലർക്കും 10000 രൂപ തുല്യ പെൻഷൻ.
ഒറ്റക്കേൾവിയിൽ ഒരിക്കലും നടക്കാത്ത വിഡ്ഢികളുടെ സ്വപനം എന്ന് തോന്നിപ്പോവും. 130 കോടി ജനങ്ങൾ ഉള്ള രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവർ 10 കോടിയോളം പേർ ഉണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിക്കാർ വിഭാവനം ചെയ്യുന്നത് പ്രായോഗികമായാൽ ഒരാൾക്ക് മാത്രം നൽകേണ്ടി വരിക ഒരു വർഷം ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ്. 80 വയസ്സുവരെ ജീവിച്ചിരുന്നാൽ ഒരാൾക്കുമാത്രം 24ലക്ഷം രൂപ. അങ്ങനെ പത്തുകോടി പേർക്ക് കൊടുക്കണം.
എന്നാൽ സർക്കാറിന് ഒരു പൈസപോലും അധികം ചെലാവാക്കാതെ ഈ തുക ശേഖരിക്കാനും കൊടുക്കാനും കഴിയുമെന്നാണ് ഈ മൂവ്മെമന്റുമായി മുന്നോട്ടുപോകുന്നവർ പറയുന്നത്.
കേരളത്തിലടക്കം സംസ്ഥാന സർക്കാറിന്റെ വരുമാനത്തിന്റെ 90 ശതമാനവും കവർന്ന് എടുക്കുന്ന ശമ്പള- പെൻഷൻ വ്യവസ്ഥയോട് യുവാക്കളിൽനിന്ന് അടക്കം ഉണ്ടാകുന്ന അതിരൂക്ഷമായ വിമർശനമാണ് ഈ സംഘടനയെ ജനകീയമാക്കിയത്.
നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം വൻ തുക ശമ്പളവും ആനുകൂല്യവും കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. ഒരുലക്ഷത്തിനു മുകളിൽ പെൻഷൻ കൈപ്പറ്റുന്ന നിരവധിപേർ നമ്മുടെ നാട്ടിലുണ്ടെന്നാണ് അറിവ് . കാരണം പെൻഷൻ എന്ന് പറയുന്നത് അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്റെ 50 ശതമാനം ആണ്. അങ്ങനെ സംസ്ഥാനങ്ങളിലെ എല്ലാം കണക്കെടുക്കുമ്പോൾ ഏതാണ്ട് 12ലക്ഷം കോടിരൂപ പെൻഷനുവേണ്ടി മാത്രം ചെലവിടേണ്ടി വരുമെന്ന് അനുമാനിക്കുന്നു.
സംഘടനയുടെ ആദ്യ നിർദ്ദേശം സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ നിർത്തലാക്കി, അത് എല്ലാവർക്കും തുല്യമായി കൊടുക്കുക. അപ്പോൾ അധിക ബാധ്യത വരില്ല എന്നാണ്. അല്ലെങ്കിൽ അമിതമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുക.
ഒരു വിഭാഗത്തിന് മാത്രം കിട്ടുന്ന അമിതമായ ശമ്പളം കേരളത്തിലടക്കം കടുത്ത അസമത്വങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണമായി ഒരു പ്രൈവറ്റ് സ്‌കൂളിലെ അദ്ധ്യാപകൻ 7000 മുതൽ 20000 രൂപാ വരെ മാത്രം ശമ്പളം വാങ്ങുമ്പോൾ, സർക്കാർ അദ്ധ്യാപകൻ 20000 മുതൽ 60000വരെ പെൻഷൻ മാത്രം വാങ്ങുന്നു. ഇത് നഗ്നമായ അസമത്വമല്ലേ എന്ന ചോദ്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കയും, പെൻഷൻ എല്ലാ വയോധികർക്കും തുല്യമായി വീതിക്കുകയും ചെയ്താൽ മതിയെന്നാണ് സംഘടനയുടെ വാദം.
ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ നാൽപ്പത് രൂപയും കൊടുക്കുന്നത് നികുതിക്കാണ്. നിരവധി സെസുകൾ നാം പലപ്പോഴായി കൊടുക്കുന്നുണ്ട്. മാത്രമല്ല വിവിധ ക്ഷേമനിധിയായും വാർധക്യകാല പെൻഷനായും വിധവാ പെൻഷനായും നാം കൊടുക്കുന്ന വിവിധ പദ്ധതികൾ ഒഴിവാക്കാം. ചെലവ് ചുരുക്കി ആസൂത്രണം ചെയ്താൽ രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള പത്തുകോടി പേർക്കും പതിനായിരം രൂപ പെൻഷൻ കൊടുക്കാൻ കഴിയുമെന്നാണ് വൺ ഇന്ത്യാ വൺ പെൻഷനിലൂടെ ഉരുത്തിരിയുന്ന ആശയം.
ഓ ഐ ഓ പി യുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇതിനോടകം തന്നെ മൂന്നു ലക്ഷത്തോളം അംഗങ്ങൾ ചേർന്നിട്ടുണ്ട്. ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതിനാൽ ഈ ആശയത്തെ ജനങ്ങൾ നെഞ്ചിലേറ്റി എന്നതിന് യാതൊരു തർക്കവുമില്ല.
ഗ്രൂപ്പുകളിൽ അംഗങ്ങൾ തികയാത്തതു കൊണ്ട് ഓരോ അസംബ്ലി മണ്ഡലം, പഞ്ചായത്ത് എന്നീ വെവ്വേറെ ഗ്രൂപ്പുകൾ തുടങ്ങി അംഗങ്ങളോട് അതിലേക്ക് മാറുവാനും സംഘാടകർ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത്ര മാത്രം ജനപ്രാതിനിത്യമാണ് ഈ ആശയത്തിന് ഉണ്ടായതു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
