കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം പോയ കാർ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്. താഴത്തങ്ങാടി പാറപ്പാടത്ത് ഷീബയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നാണു പൊലീസ് നിഗമനം. കുമരകം വഴി വെച്ചൂർ വരെ ഇയാൾ കാറോടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.
രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്ക് ഇയാൾ കാറോടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷീബയുടെ മരണം തലയ്ക്കടിയേറ്റെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയുടെ ഇരുവശങ്ങളിലും ക്ഷതമുണ്ട്. കൊലപാതകത്തിനു പിന്നിൽ മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഷാനി മൻസിലിൽ ഷീബയും ഭർത്താവ് മുഹമ്മദ് സാലിയും ചുറ്റുപാടുള്ളവരുമായ നല്ല ബന്ധം സൂക്ഷിക്കുന്നവരാണ്. അതിനാൽ തന്നെ അയൽവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘം പറയുന്നത്.
സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. കാറിൽ ഒരാൾ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇരുവരുടെയും തലയ്ക്കുള്ള പരുക്ക് ടീപോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. രണ്ടു പേരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വീടിന്റെ മുൻവാതിലിനോടു ചേർന്നു തന്നെയാണു ഷീബയുടെ മൃതദേഹം കണ്ടത്.
ദേഹമാസകലം മർദ്ദനമേറ്റ ഭർത്താവ് അബ്ദുൽ സാലിയെ ഗുരുതര നിലയിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പ് കമ്പി കൊണ്ട് മർദ്ദിച്ച് കൊന്ന ശേഷം ഷീബ സാലിയുടെ കാലുകൾ ഇതേ ഇരുമ്പ് കമ്പികൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. അബ്ദുൾ സാലിക്ക് ദേഹമാസകലം അടികൊണ്ട് പാടുണ്ട്.
വീട്ടിലെ ഫാനിന്റെ ഒരു ലീഫ് പൊട്ടി താഴെ വീണ നിലയിലായിരുന്നു. അക്രമികൾ ടീപ്പോയി തകർത്തിരുന്നു. ഗ്യാസ് ലീക്കായി കിടക്കുകയായിരുന്നു. വീട്ടിലെ കാറും മോഷണം പോയിട്ടുണ്ട്. പ്രാഥമികമായി കൊലപാതകം എന്ന വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്.
കൊല്ലപ്പെട്ട ഷീബയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. വീടിന്റെ ഹാളിനുള്ളിൽ മേശപ്പുറത്ത് പൊട്ടിയ നിലയിൽ ഗ്ലാസ് കണ്ടെത്തിയതും കേസിൽ നിർണായകമായേക്കും. വീടുമായി അടുത്ത പരിചയമുള്ളവരാരോ ആകാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്.
