തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരിച്ചു. ഹൃദ്രോഗിയായിരുന്നു, ഗൾഫിൽനിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേർക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് വിവിധ ജില്ലകളിൽ കോവിഡ് ബാധിച്ചവർ
തിരുവനന്തപുരം 3, കൊല്ലം 5, പത്തനംതിട്ട 4, ആലപ്പുഴ 2, ഇടുക്കി 1, എറണാകുളം 3, തൃശൂർ 9, മലപ്പുറം 14, പാലക്കാട് 2, കാസർകോട് 14
ഇതിൽ 27 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും വന്നു. ഒരാൾ എയർ ഇന്ത്യ സ്റ്റാഫും മറ്റേയാൾ ആരോഗ്യ മേഖലയിലെ ജീവനക്കാരനുമാണ്.
വിദേശരാജ്യങ്ങളിൽ ഇന്നു മാത്രം 9 മലയാളികൾ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി.
121 ഹോട്സ്പോട്ടുകൾ ആണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് 5 പുതിയ ഹോട്സ്പോട്ടുകൾ.
മാസ്ക് ധരിക്കാത്ത 3075 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാാറന്റീൻ ലംഘിച്ച 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണിൽനിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവിനോ കർക്കശമാക്കാനോ ഉള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂട്ടംകൂടുന്നത് തുടർന്നും അനുവദിക്കാൻ കഴിയില്ല.
സാംസ്കാരിക പ്രസ്ഥാനങ്ങളിൽ കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെടും. പ്രായമേറിയവർക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ വിവാഹം അനുവദിക്കാമെന്നാണു കരുതുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ പൂർണ ലോക്ഡൗൺ ആയിരിക്കും. ജൂൺ 30 വരെ അതു വരെ തുടരും.
പുറത്തുനിന്നു വരുന്നതിനു തുടർന്നും പാസ് വേണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത ജില്ലകൾക്കിടയിൽ സർവീസ് ആകാമെന്നാണു കരുതുന്നത്. പകുതി സീറ്റുകളിലായിരിക്കും യാത്ര. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. കാറിൽ ഡ്രൈവർക്കു പുറമെ 3 പേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ 2 പേർ മാത്രം.
