ഓൺലൈൻ പഠനം; സ്മാർട്ട് ഫോൺ ഇല്ലാത്ത പാവപ്പെട്ട കുട്ടികൾ എന്ത് ചെയ്യും? ഒപ്പിടാൻ പോലും ആത്മവിശ്വാസമില്ലാത്ത വിരലുകൾ, ചെരിപ്പിടാത്ത കാലുകൾ ഉള്ള മാതാപിതാക്കൾ; മലയാളം ടീച്ചർ സങ്കടത്തോടെ എഴുതുന്നു..

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ലേഖനമാണിത്. ബി എ മലയാളം ടീച്ചറായ അനു പാപ്പച്ചൻ ഫേസ്‌ബുക്കിൽ പങ്കു വെച്ച ഈ ലേഖനം സങ്കടപ്പെടുത്തുന്നതാണ്. ലേഖനത്തിന്റെ പൂർണ രൂപം ഇങ്ങനെ..

വളരെ സങ്കടത്തോടെയെഴുതുകയാണ്. ബിഎ മലയാളം ക്ലാസിന്റെ ക്ലാസ് ടീച്ചറാണ്.
50 കുട്ടികളുണ്ട്. സർക്കാർ ജോലിയുള്ള സ്ഥിരവരുമാന മാതാപിതാക്കൾ മൂന്നു പേർ മാത്രമാണ്. കട, വാടക വണ്ടി,തയ്യൽ, സ്ഥാപനങ്ങളിൽ നിന്നിട്ടുള്ള ജോലി
എന്നീ തൊഴിലുകൾ കുറച്ചു പേർക്കുണ്ട്.കൃഷിക്കാരുണ്ട്. കൂലിപ്പണിയാണ് 90% പേർക്കും.

ഇപ്പോഴത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ… അഡ്മിഷൻ സമയത്ത് കണ്ട മുഖങ്ങൾ, ഒപ്പിടാൻ പോലും ആത്മവിശ്വാസമില്ലാത്ത വിരലുകൾ, ചെരിപ്പിടാത്ത കാലുകൾ പോലും…. ഇപ്പോഴും ഓർമ്മയുണ്ട്. കോളജ് പോയിട്ട് സ്കൂൾ പോലും പൂർത്തീകരിച്ചിട്ടില്ലാത്തവർ.
ടീച്ചറേ, ഇത് പഠിച്ചാൽ എന്തേലുമൊരു തൊഴിൽ കിട്ടോ എന്ന ആകുലത പങ്കുവച്ചവർ. പെൺകുട്ടിയെ 18 വയസുവരെ വല്ലോണം പഠിപ്പിക്കണമെന്നുള്ളവരും ഉണ്ട്. (കല്യാണ യോഗ്യത ! ) സാമൂഹികമായി പല കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ടവർ.
ഫീസും യൂണിഫോമും പുസ്തകങ്ങളുമടക്കം പല കാര്യത്തിലും നമ്മൾ കൂടെ നിന്നാലേ അവർക്ക് പഠനം പൂർത്തിയാക്കാനാവൂ.. .ഇതാണവസ്ഥ.

രണ്ടു ദിവസമായി ഓൺലൈൻ ക്ലാസ് റൂമിന്റ പണിയിലാണ്. കുട്ടികളെ add ചെയ്യുകയാണ്..
സ്വന്തമായി ഫോണുള്ളവർ അഞ്ചു പത്തു പേർ ഉണ്ട്. പണിക്കു പോകുന്ന അച്ഛന്റെയോ അമ്മയുടെയോ ഫോൺ ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷവും. അവരിൽ തന്നെ ആപ്പുകൾ സജ്ജമായ സ്മാർട്ട് ഫോൺ ഉള്ളവർ എല്ലാവരും ഇല്ല. ലോക്ക് ഡൗണായപ്പോൾ ഒരു തരത്തിലും ഫോണിൽ പോലും കിട്ടാൻ നിവർത്തിയില്ലാത്തവരുണ്ടായിരുന്നു ക്ലാസിൽ.

സാങ്കേതികമായി ഫോൺ അറിയുന്ന ഒന്നോ രണ്ടോ പേരാണ് ഞാൻ പറയുന്ന കാര്യങ്ങൾ പിന്നെയും പിന്നെയും വാട്സപ്പിൽ പറഞ്ഞു കൊടുക്കുന്നത് .

മിസ്സേ, കരച്ചിൽ വരാ, എനിക്കിനി പഠിക്കാൻ പറ്റുമോ?

ഓൺലൈൻ അറ്റൻഡൻസ് കിട്ടിയില്ലെങ്കിൽ തോറ്റു പോകോ?

അച്ഛൻ പണികഴിഞ്ഞു വരുമ്പോൾ രാത്രിയാകും. ക്ലാസിലിരിക്കാൻ എനിക്ക് പറ്റോ മിസേ…

റെക്കോർഡ് ചെയ്ത് ഓഡിയോ വാട്സപ്പ് അയച്ചിടാൻ പറ്റോ … എപ്പഴേലും നെറ്റ് കിട്ടുമ്പോൾ കേൾക്കാം.

മിസ്സേ, ഒരു ഫോണേയുള്ളൂ, ചേച്ചി അതിൽ തന്നെയാണ് പഠിക്കാ. ഞാനെന്താ ചെയ്യാ.

മിസ്സേ, എന്റെ അച്ഛൻ ഇതൊന്നും സമ്മതിക്കൂലാ.. എന്താ ചെയ്യാ..

അക്ഷരാഭ്യാസമുള്ളവരും ഇല്ലാത്തവരും എന്ന തിരിവു കഴിഞ്ഞ് ഇൻറർനെറ്റ് അറിയുന്നവരും അല്ലാത്തവരും എന്ന തിരിവ് വന്നത് 90 കളിലാണ്. ടെക്കിയാവുക എന്നതിലേക്ക് മത്സരിച്ചു കയറുന്ന ലോകത്തിന്റെ വളർച്ചയെ കുറിച്ച് എന്തെന്തെല്ലാമോ പഠനം നടത്താമായിരിക്കും.

കുട്ടികളുടെ മാനസികാവസ്ഥ എന്നൊന്നില്ലേ? അതിനെ ഓൺലൈനിൽ ഇപ്പോഴും ഇനി മുതലും എങ്ങനെ പരിഗണിക്കും എന്നോർത്ത് കരച്ചിൽ വരുന്നു…
മനുഷ്യനാണ്,
കലയും സാഹിത്യവും പഠിപ്പിക്കുമ്പോൾ ഇമോഷനലാകുന്ന മനുഷ്യ സ്ത്രീയാണ്…

50 ൽ 31 പേരായി.. ഗൂഗിൾ മീറ്റിൽ വരാൻ പറ്റിയത് 15 പേർക്കും.!

Exit mobile version