ഉത്രയേ കടിച്ച പാമ്പിന് പല്ല് ഉണ്ടായിരുന്നോ? പല്ലിന്റെ അകലം എത്ര ? ശാസ്ത്രീയ പരിശോധന തുടങ്ങി; പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്യും

കൊല്ലം:  മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയ പരിശോധനകൾക്കു തുടക്കമായി. മരിച്ച ഉത്രയുടെ അഞ്ചലിലെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധന തുടങ്ങി.

ഉത്രയെ കടിച്ചത് ഇതേ പാമ്പു തന്നെയാണെന്ന് ഉറപ്പിക്കാനാണു പരിശോധന. പാമ്പിന്റെ ഡിഎന്‍എ പരിശോധിക്കും. ഇതിനായി പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്യും. ഹൈദരാബാദിലോ പുണെയിലോ ആയിരിക്കും പരിശോധന. ഉത്രയേ കടിച്ച പാമ്പിന് പല്ല് ഉണ്ടായിരുന്നോ? പല്ലിന്റെ അകലം എത്ര ? എന്ന കാര്യങ്ങളായിരിക്കും പരിശോധിക്കുക

90 ദിവസത്തിനുള്ളില്‍ എല്ലാ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നു ഡിജിപി പറഞ്ഞു.

ഉത്രയുടെ ഇടതു കൈത്തണ്ടയിൽ കടിയേറ്റ നിലയിലുള്ള മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്താണു പരിശോധിക്കുക. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലാണു നടപടികൾ. ഉത്രയുടെ മൃതദേഹം സംസ്കരിച്ചതിനു തൊട്ടടുത്തു തന്നെയാണു പാമ്പിനെയും കുഴിച്ചിട്ടത്. ഇതിന്റെ അടയാളമായി ഒരു കമ്പും നാട്ടിയിരുന്നു.

ജില്ലാ ശിശുക്ഷേമ സമിതിയുടെ നിർദേശാനുസരണം ഉത്രയുടെ മാതാപിതാക്കൾ അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുത്തു.

Exit mobile version